അടുത്ത സീസണിൽ കൂടുതൽ സ്പാനിഷ് താരങ്ങളെ ക്ലബിൽ എത്തിക്കാനും ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നുണ്ട്

കൊല്‍ക്കത്ത: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി സഹകരിക്കാനൊരുങ്ങി കൊൽക്കത്തൻ ക്ലബ് ഈസ്റ്റ് ബംഗാൾ. ഇരു ക്ലബുകളുടെയും ഭാരവാഹികൾ പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി.

ചർ‍ച്ച വിജയത്തിലെത്തിയാൽ ഐ ലീഗ് ,റണ്ണേഴ്സ് അപ്പായ ഈസ്റ്റ് ബംഗാൾ അടുത്ത സീസണിൽ ബാഴ്സയുടെ സഹായത്തോടെയാണ് ഇറങ്ങുകയെന്ന് ക്ലബ് ചെയർമാൻ അജിത് ഇസാക് പറഞ്ഞു. റയൽ മാഡ്രിഡ് അക്കാഡമിയുടെ മുൻകോച്ചായ അലസാന്ദ്രോ മെനെൻഡസാണ് ഈസ്റ്റ് ബംഗാളിന്‍റെ പരിശീലകൻ.

അടുത്ത സീസണിൽ കൂടുതൽ സ്പാനിഷ് താരങ്ങളെ ക്ലബിൽ എത്തിക്കാനും ഈസ്റ്റ് ബംഗാൾ ശ്രമിക്കുന്നുണ്ട്.ഐ ലീഗില്‍ നേരിയ വ്യത്യാസത്തിന് കിരീടം കൈവിട്ട ഈസ്റ്റ് ബംഗാള്‍ രണ്ടാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്.

ഏതാനും വര്‍ഷം മുമ്പ് സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായി അക്കാഡ‍മി തലത്തില്‍ ഈസ്റ്റ് ബംഗാള്‍ സഹകരണത്തിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. നേരത്തേ, ഐ എസ് എൽ ടീമായ എടികെ സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡുമായി സഹകരിച്ചിരുന്നു.