ഈ സീസണില്‍ റയലില്‍ എത്തിയ ഹസാര്‍ഡിന്റെ ആദ്യ എല്‍ ക്ലാസിക്കോ മത്സരമായിരുന്നു വരാനിരുന്നത്.

മാഡ്രിഡ്: റയൽ മാഡ്രിഡിന്‍റെ ഏഡന്‍ ഹസാര്‍ഡിന് എൽ ക്ലാസ്സിക്കോ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. വലതു കണങ്കാലിന് പൊട്ടലേറ്റതാണ് കാരണം. റയൽ വാര്‍ത്താക്കുറിപ്പിലൂടെയാണ് പരിക്ക് സ്ഥിരീകരിച്ചത്. ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരായ മത്സരത്തിനിടെയാണ് ഹസാര്‍ഡിന് പരിക്കേറ്റത്.

ഈ മാസം 15ന് വലന്‍സിയക്കെതിരെയും 18ന് നൗകാന്പിൽ ബാഴ്സലോണയ്ക്കെതിരെയും ഉള്ള മത്സരങ്ങള്‍ ഹസാര്‍ഡിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. തുടയ്ക്ക് പരിക്കേറ്റ മാഴ്സലോയും എൽ ക്ലാസ്സിക്കോയിൽ കളിക്കുന്ന കാര്യം സംശയമാണ്.

ഈ സീസണില്‍ റയലില്‍ എത്തിയ ഹസാര്‍ഡിന്റെ ആദ്യ എല്‍ ക്ലാസിക്കോ മത്സരമായിരുന്നു വരാനിരുന്നത്. റയലില്‍ തുടക്കത്തില്‍ തിളങ്ങാനാവാതിരുന്ന ഹസാര്‍ഡ് ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ കഴിഞ്ഞ മത്സരങ്ങളില്‍ പ്രകടമാക്കിയിരുന്നു.

തുടര്‍ച്ചയായ മൂന്ന് എവേ മത്സരങ്ങള്‍ക്ക് ശേഷം മാഡ്രിഡ് ശനിയാഴ്ച സ്വന്തം ഗ്രൗണ്ടില്‍ എസ്പാനിയോളിനെ നേരിടാനിറങ്ങുകയാണ്. ലീഗിലെ പോയന്റ് പട്ടികയില്‍ ബാഴ്സക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ ഇപ്പോള്‍. ബാഴ്സക്കും റയലിനും ഒരേ പോയന്റാണെങ്കിലും ഗോള്‍ ശരാശരിയിലാണ് ബാഴ്സ മുന്നിലെത്തിയത്.