മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി മാഞ്ചസ്റ്റർ സിറ്റി. യുണൈറ്റഡ് മൈതാനത്ത് ആദ്യപാദ സെമിയിൽ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സിറ്റിയുടെ ജയം. പ്രീമിയര്‍ ലീഗ് നാട്ടങ്കത്തില്‍ നേരിട്ട തോല്‍വിക്ക് കണക്കുതീര്‍ക്കാനും സിറ്റിക്കായി. 

ആദ്യ പകുതിയിൽ തന്നെ സിറ്റി മൂന്ന് ഗോളിന് മുന്നിലെത്തി. ബെർണാഡോ സിൽവ, റിയാദ് മെഹ്റസ് എന്നിവരാണ് സിറ്റിയുടെ ഗോൾ നേടിയത്. ആന്ദ്രേസ് പെരേരയുടെ സെൽഫ് ഗോളും യുണൈറ്റഡിന് തിരിച്ചടിയായി. 70-ാം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോഡാണ് യുണൈറ്റഡിന്‍റെ ആശ്വാസഗോൾ നേടിയത്. ജനുവരി 29ന് രണ്ടാംപാദ സെമി സിറ്റി മൈതാനത്ത് നടക്കും.

നിലപാട് വ്യക്തമാക്കി ഗ്വാര്‍ഡിയോള

അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെയോ റയൽ മാഡ്രിഡിന്‍റെയോ പരിശീലക സ്ഥാനം ഒരിക്കലും ഏറ്റെടുക്കില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കി. ഈ രണ്ട് ക്ലബുകളെ പരിശീലിപ്പിക്കുന്നതിനേക്കാളും ഗോള്‍ഫ് കോഴ്‌സിലേക്ക് പോകാനാകും താത്പര്യപ്പെടുകയെന്നും ഗ്വാര്‍ഡിയോള
പറഞ്ഞു. 

ഗ്വാര്‍ഡിയോള പരിശീലിപ്പിച്ചിട്ടുള്ള ബാഴ‌്‌സലോണയുടെയുടെ ബദ്ധവൈരികളാണ് റയൽ മാഡ്രിഡ്. സിറ്റിയുടെ ഏറ്റവും വലിയ എതിരാളികളാണ് യുണൈറ്റഡ‍്. ഈ പശ്ചാത്തലത്തിലാണ് ഗ്വാര്‍ഡിയോളയുടെ പ്രതികരണം.