ലോകകപ്പ് കഴിഞ്ഞെത്തുന്ന ഫിൽ ഫോഡൻ, ഗ്രീലിഷ്, കൈൽ വാൾക്കർ, കാൽവിൻ ഫിലിപ്സ്, യാവോ കാൻസെലോ തുടങ്ങിയ താരങ്ങൾ ഇന്ന് കളിച്ചേക്കില്ല
മാഞ്ചസ്റ്റര്‍: ഇഎഫ്എൽ കപ്പ് പ്രീ ക്വാർട്ടറിൽ ഇന്ന് രാത്രി സൂപ്പർ പോരാട്ടം. മാഞ്ചസ്റ്റർ സിറ്റി പുലർച്ചെ ഒന്നരയ്ക്ക് നടക്കുന്ന മത്സരത്തിൽ ലിവർപൂളിനെ നേരിടും. ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് കഴിഞ്ഞയുടനെ വരുന്ന മത്സരമായതിനാല്‍ ഇരു ടീമിലേയും ചില താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനിടയുണ്ട്.
ലോകകപ്പ് ആവേശം അടങ്ങിയതോടെ യൂറോപ്യൻ ലീഗുകൾ സജീവമാവുകയാണ്. താരങ്ങളിൽ പലരും ഇനിയും ടീമിനൊപ്പം ചേർന്നിട്ടില്ലെങ്കിലും ഇഎഫ്എൽ കപ്പിൽ സിറ്റിക്കും ലിവർപൂളിനും ഇന്ന് ജീവന്മരണ പോരാട്ടമുണ്ട്. ചെൽസിക്ക് മടക്കടിക്കറ്റ് നൽകിയ ആത്മവിശ്വാസവുമായാണ് പെപ് ഗ്വാർഡിയോളയും സംഘവും വരുന്നത്. ലോകകപ്പിനിടെ ജിറോണയുമായുള്ള സൗഹൃദ മത്സരത്തിലും സിറ്റിക്ക് ജയിക്കാനായിരുന്നു. കെവിൻ ഡിബ്രുയിൻ, ഏർളിംഗ് ഹാളണ്ട്, ഗുണ്ടോഗൻ, റിയാദ് മെഹ്റസ് തുടങ്ങിയവർ സിറ്റി നിരയിൽ ഉണ്ടാകും. നതാൻ ആകെ, റോഡ്രി, അകാൻജി എന്നിവർ കൂടി തിരിച്ചെത്തുന്നതോടെ പ്രതിരോധവും ശക്തമാകും.
ലോകകപ്പ് കഴിഞ്ഞെത്തുന്ന ഫിൽ ഫോഡൻ, ഗ്രീലിഷ്, കൈൽ വാൾക്കർ, കാൽവിൻ ഫിലിപ്സ്, യാവോ കാൻസെലോ തുടങ്ങിയ താരങ്ങൾ ഇന്ന് കളിച്ചേക്കില്ല. തുടരെ നാല് വട്ടം കിരീടം നേടിയ സിറ്റി കഴിഞ്ഞ തവണ നാലാം റൗണ്ടിൽ പുറത്തായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനും ജയം അനിവാര്യമാണ്. ഫിർമിനോ, മുഹമ്മദ് സലാ സഖ്യമാകും ലിവർപൂളിന്‍റെ മുന്നേറ്റത്തിൽ. പ്രീമിയർ ലീഗ് മത്സരമുള്ളതിനാൽ പ്രധാനതാരങ്ങളിൽ ചിലർക്ക് വിശ്രമം നൽകാന്‍ സാധ്യതയുണ്ട്. നിലവിൽ ലീഗിൽ ആറാംസ്ഥാനത്താണ് ലിവർപൂൾ.
അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇഎഫ്എൽ കപ്പിന്‍റെ ക്വാർട്ടറിൽ കടന്നിട്ടുണ്ട്. ബേൺലിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് യുണൈറ്റഡ് തോൽപ്പിച്ചത്. ക്രിസ്റ്റ്യൻ എറിക്‌സണും മാർക്കസ് റാഷ്ഫോർഡുമാണ് ഗോളുകൾ നേടിയത്. നോട്ടിങ്ഹാം ഫോറസ്റ്റും ചാൾട്ടനും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
ഇനിയാര്‍ക്കും സംശയം വേണ്ടാ! ഫിഫ റാങ്കിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു
