ആറാടുകയാണ് എന്ന് പറയുന്നത് കേരള താരങ്ങളാരെങ്കിലും പഠിപ്പിച്ചതാണെന്ന് കരുതാം. എന്നാല്‍ തെലുങ്ക് ഡയലോഗ് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോഴാണ് ആ സിനിമാ പ്രാന്ത് സിപോവിച്ച് വെളിപ്പെടുത്തിയത്.


ഫറ്റോര്‍ഡ: കേരള ബ്ലാസ്റ്റേഴ്‌സിന്റെ (Kerala Blasters) പ്രതിരോധതാരം എനെസ് സിപോവിച്ച് (Enes Sipovic) മത്സരവിജയം ആഘോഷിക്കുമ്പോള്‍ തെലുഗു സിനിമയായ പുഷ്പയിലെ (Pushpa) സംഭാഷണമോ അല്ലെങ്കില്‍ ആക്ഷനോ കടമെടുക്കാറുണ്ട്. മാത്രമല്ല, ആറാടുകയാണെന്നുള്ള സംഭാഷണവും വൈറലായി. പ്രതിരോധ നിരയിലെ ബോസ്‌നിയന്‍ താരം എങ്ങനെയാണ് ആ ഡയലോഗ് പഠിച്ചതെന്ന് ഒരു വിവരവുമില്ലായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ സിപോവിച്ച്.

ആറാടുകയാണ് എന്ന് പറയുന്നത് കേരള താരങ്ങളാരെങ്കിലും പഠിപ്പിച്ചതാണെന്ന് കരുതാം. എന്നാല്‍ തെലുങ്ക് ഡയലോഗ് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോഴാണ് ആ സിനിമാ പ്രാന്ത് സിപോവിച്ച് വെളിപ്പെടുത്തിയത്. ഐഎസ്എല്ലിനായി എത്തിയത് മുതല്‍ ഇന്ത്യന്‍ സിനിമകളും കാണാറുണ്ടെന്നാണ് സിപോവിച്ച് പറയുന്നത്. അതില്‍ അല്ലു ആര്‍ജുന്‍ നായകനായ പുഷ്പ സിനിമ താരത്തിന് കൂടുതല്‍ ഇഷ്ടമായി. 

ഒന്നല്ല രണ്ട് വട്ടം സിപോവിച്ച് സിനിമ മുഴുവന്‍ കണ്ടു. ഇനിയും കാണുമെന്നും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണെന്നുമാണ് സിപോവിച്ച് പറയുന്നത്. ചുരുക്കത്തില്‍ പുഷ്പയാണ് അങ്ങ് ബോസ്‌നിയയില്‍ നിന്നെത്തിയ സിപോവിച്ചിന്റെ ഇഷ്ട ചിത്രം. ഡയലോഗ് എത്രവേണമെങ്കിലും ചെയ്ത് കാണിക്കാനും തയ്യാറാണ് താരം. പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് ചുവട് വച്ച് ഗോളടി ആഘോഷവും സിപ്പോവിച്ച് നടത്തിയിട്ടുണ്ട്. നര്‍ത്തിയയായ ഭാര്യരെ രസിപ്പിക്കാനും കൂടിയാണിതെന്ന് സിപോവിച്ച് പറയുന്നു.

മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. അതേസമയം, ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. 

എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക. ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു.