ലണ്ടന്‍: യുഎസിൽ പൊലീസിന്റെ പീഡനത്തിരയായി മരിച്ച കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന് ആദര്‍മര്‍പ്പിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരങ്ങള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കി ഫുട്ബോള്‍ അസോസിയേഷന്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെ ഫ്ലോയ്ഡിന് നീതി തേടിയും പിന്തുണ അര്‍പ്പിച്ചും ആദരമര്‍പ്പിച്ചും കളിക്കാര്‍ രംഗത്തെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ ഫ്ലോയ്ഡിന് നീതി തേടിയുള്ള പ്രതിഷേധങ്ങള്‍ കളിക്കാരുടെ ഭാഗത്തുനിന്നുണ്ടായാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി.

ഫിഫയുടെ നിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്റെ നടപടി. കളിക്കിടെ രാഷ്ട്രീയമോ, മതപരമോ, വ്യക്തിപരമോ ആയ ചിത്രങ്ങളോ മുദ്രാവാക്യങ്ങളോ കളിക്കാര്‍ ജേഴ്സിയിലോ ശരീരത്തിലോ പ്രദര്‍ശിപ്പിക്കരുതെന്നാണ് ചട്ടം. എന്നാല്‍ ഫ്ലോയ്ഡ് സംഭവത്തില്‍ ഇത് ബാധകമല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജൂണ്‍ 17നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

വംശീയ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായും  ഫ്ലോയ്ഡിന് ആദരമര്‍പ്പിച്ചും പരിശീലനത്തിനിടെ കളിക്കാര്‍ ഒന്നടങ്കം മുട്ടുകുത്തി നില്‍ക്കുന്ന ചിത്രം പ്രീമിയര്‍ ലീഗ് ടീമുകളായ ചെല്‍സിയും ലിവര്‍പൂളും, ന്യൂകാസിലും കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു.

കളിക്കളത്തിലെയും പുറത്തെയും ഏത് തരത്തിലുള്ള വിവേചനത്തിനും ഫുട്ബോള്‍ അസോസിയേഷന്‍ എതിരാണെന്ന് ഇംഗ്ലണ്ട് ടീമിലെ കറുത്ത വശംജരായ ജോര്‍ദാന്‍ ഹെന്‍ഡേഴ്സന്റെയും റഹീം സ്റ്റെര്‍ലിംഗിന്റെയും കൈകളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത് അസോസിയേഷന്‍ വ്യക്തമാക്കി. ദേശിയതയോ വംശമോ എന്തുമാകട്ടെ, ഞങ്ങള്‍ ഒന്നാണെന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.

ഫ്ലോയ്ഡിന് ആദരമര്‍പ്പിച്ചും പ്രതിഷേധിച്ചും കളിക്കാര്‍ രംഗത്തെത്തുന്നതിനെതിരെ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇത്തരം പ്രകടനങ്ങള്‍ ആവര്‍ത്തിച്ചാല്‍ കളിക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

Also Read: 'ഫ്ലോയ്‌ഡിന് നീതി വേണം'; കളിക്കളത്തില്‍ പ്രതിഷേധത്തീ പടര്‍ത്തി താരങ്ങള്‍

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ പി എസ് ജിയുടെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും ഷാല്‍ക്കെ പ്രതിരോധനിര താരം വെസ്റ്റോണ്‍ മക്കെനിയും യുമാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ച് ആദ്യം രംഗത്തെത്തിയത്. പാഡെർബോണിനെതിരെ ഹാട്രിക് നേടിയ ബൊറൂസിയ ഡോർട്മുണ്ട് താരം ജെയ്ഡൻ സാഞ്ചോ ഉൾപ്പെടെയുള്ളവർ ഗോൾനേട്ടം സമർപ്പിച്ചതും ഫ്ലോയ്‍‍ഡിനായിരുന്നു.

‘ജോർജ് ഫ്ലോയ്ഡിന് നീതി ലഭിക്കണം’ എന്നെഴുതിയ അകം കുപ്പായം പ്രദർശിപ്പിച്ചായിരുന്നു സാഞ്ചോയുടെ ഗോളാഘോഷം. സഹതാരം അഷ്റഫ് ഹക്കിമി, ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷ് താരം മാർക്കസ് തുറാം എന്നിവരും ഫ്ലോയ്ഡിന് ആദരമർപ്പിച്ച് രംഗത്തെത്തിയിരുന്നു. യുഎസിലെ മിനിയപ്പൊളിസിൽ മേയ് 25നാണ് പൊലീസ് അതിക്രമത്തിൽ 46കാരനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്.