Asianet News MalayalamAsianet News Malayalam

വെംബ്ലിയില്‍ പിറന്നത് ചരിത്രം; ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ മിന്നും ജയം. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ 104ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ബൂട്ടില്‍ നിന്ന് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നു.
 

England beat Denmark in Euro cup semi final
Author
London, First Published Jul 8, 2021, 3:39 AM IST

വെംബ്ലി: വെംബ്ലി സ്റ്റേഡിയത്തിലെ ആയിരങ്ങളെ സാക്ഷിയാക്കി ഇംഗ്ലണ്ട് ചരിത്രം രചിച്ചു. യൂറോ കപ്പിന്റെ രണ്ടാം സെമിഫൈനല്‍ മത്സരത്തില്‍ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇംഗ്ലീഷ് പട ആദ്യമായി യൂറോകപ്പ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ പ്രവേശിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ മിന്നും ജയം. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ എക്സ്ട്രാ ടൈമിലെ 104ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ബൂട്ടില്‍ നിന്ന് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ പിറന്നു. ഡെന്മാര്‍ക്കിനായി മിക്കേല്‍ ഡംസ്ഗാര്‍ഡ് ഗോള്‍ നേടി. നായകന്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ഇംഗ്ലണ്ടിന് തുണയായി.

30ാം മിനിറ്റില്‍ ഡെന്മാര്‍ക്കാണ് ആദ്യ വെടി പൊട്ടിച്ചത്. മനോഹരമായ ഫ്രീകിക്കില്‍ നിന്ന് ഡംസ്ഗാര്‍ഡ് ഇംഗ്ലീഷ് വല കുലുക്കിയപ്പോള്‍ ഇംഗ്ലണ്ട് ഞെട്ടി. എന്നാല്‍ തിരിച്ചടി തുടങ്ങിയ ഇംഗ്ലണ്ട് അധികം വൈകാതെ സമനില പിടിച്ചു വാങ്ങി. റഹിം സ്റ്റര്‍ലിങ്ങിന്റെ ഷോട്ട് ഡെന്മാര്‍ക്ക് ഗോളി അവിശ്വസനീയമായി തട്ടിയകറ്റിയതിന് പിന്നാലെ 39ാം മിനിറ്റില്‍ ബുക്കായോ സാക്ക സ്റ്റര്‍ലിങ്ങിനെ ലക്ഷ്യമാക്കി നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കവെ ഡെന്മാര്‍ക്ക് നായകന്‍ സിമോണ്‍ കെയറിന് പാളി. പന്ത് വലയില്‍. 

പിന്നീട് ഇരു ടീമും മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ അകന്നു. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച ഇംഗ്ലണ്ട് ടീമിനെയാണ് മൈതാനത്ത് കണ്ടത്. എതിര്‍ ഗോള്‍ മുഖത്ത് സ്റ്റര്‍ലിങ്ങും കെയ്‌നും സംഘവും നിരന്തരം ഭീതി വിതച്ചു. എന്നാല്‍ കോട്ടകെട്ടിയ ഡച്ച് പ്രതിരോധത്തെ ഇളക്കാനായില്ല. ഇതിനിടെ ലഭിച്ച അര്‍ധാവസരങ്ങള്‍ ഗോളാക്കാനും ഇംഗ്ലണ്ടിന് സാധിച്ചില്ല. ഇടക്കിടെ ഡെന്മാര്‍ക്ക് കൗണ്ടര്‍ അറ്റാക്കിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

51ാം മിനിറ്റില്‍ ഡെന്മാര്‍ക്കിന്റെ കാസ്പര്‍ ഡോള്‍ബെര്‍ഗിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോളി പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി അപകടമൊഴിവാക്കി. 55ാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ഹാരി മഗ്വയറിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഷ്‌മൈക്കേല്‍ തട്ടിയകറ്റി. പിന്നീട് ഇംഗ്ലണ്ട് ആക്രമണത്തിലും ഡെന്മാര്‍ക്ക് പ്രതിരോധത്തിലും ഊന്നി. 104ാം മിനിറ്റില്‍ ഇംഗ്ലണ്ട് ആഗ്രഹിച്ച സമയമെത്തി. ബോക്‌സിനുള്ളില്‍ സ്റ്റര്‍ലിങ്ങിനെ വീഴ്ത്തിയതിന് പെനാല്‍റ്റി. കിക്കെടുത്ത ഹാരി കെയ്‌ന് പിഴച്ചു. ഗോളി ഷ്‌മൈക്കേല്‍ ആദ്യശ്രമത്തില്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ടില്‍ കെയ്ന്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് ഫൈനലിലേക്ക്. 

ഈ യൂറോ കപ്പില്‍ ഇംഗ്ലണ്ട് ആദ്യമായിട്ടായിരുന്നു ഗോള്‍ വഴങ്ങിയതെന്ന പ്രത്യേകതയുമുണ്ട്. ആദ്യത്തെ ഫ്രീകിക്ക് ഗോളും ഈ മത്സരത്തിലാണ് പിറന്നത്. ടൂര്‍ണമെന്റില്‍ ഹാരി കെയ്ന്‍ നാലാമത്തെ ഗോളാണ് നേടുന്നത്. ഇതോടെ പ്രധാന ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഗാരി ലിനേക്കറുടെ റെക്കോര്‍ഡിന് ഒപ്പമെത്താനും  കെയ്‌നിനായി(10 ഗോള്‍). 

യൂറോ കപ്പില്‍ ആദ്യമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്നത്. 1996ല്‍ സെമി ഫൈനലിലെത്തിയതായിരുന്നു ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനം. 1966ലെ ലോകകപ്പ് നേട്ടത്തിന് ശേഷം ആദ്യമായാണ് മേജര്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ കരുത്തരായ ഇറ്റലിയാണ് എതിരാളി.  ഞായറാഴ്ചയാണ് ഫൈനല്‍ മത്സരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios