അവസാന മിനിറ്റിൽ രക്ഷകനായി വാറ്റ്കിൻസ്, മിന്നുന്ന ജയത്തോ‌ടെ ഇം​ഗ്ലീഷ് പട ഫൈനലിൽ, യൂറോയിൽ ഓറഞ്ച് കണ്ണീർ

ബെല്ലിങ്ഹാമും ഫിൽ ഫോഡനും സാകയും ഹാരി കെയ്നും നിരന്തരം ആക്രമണമഴിച്ചുവിട്ടു. മറുവശത്ത് അപകടകരമായ കൗണ്ടർ അറ്റാക്കിലൂടെ ഡച്ച് പടയും ഭീതി വിതച്ചു.

England beat netherlands in Euro cup 2024 semi final

ഡോർട്മുണ്ട്: 90-ാം മിനിറ്റിൽ വിജയം പിടിച്ചെ‌ടുത്ത് ഇം​ഗ്ലണ്ട് തുടർച്ചയായ രണ്ടാം തവണയും യൂറോകപ്പ് ഫൈനലിൽ. പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസാണ് ഇം​ഗ്ലീഷ് പടക്ക് സ്വപ്നതുല്യമായ വിജയം സമ്മാനിച്ചത്. മത്സരം അധിക സമയത്തേക്ക് നീളുമെന്ന് ഉറപ്പിച്ച ഘട്ടത്തിലായിരുന്നു 28കാരനായ വാറ്റ്കിൻസിന്റെ വിജയ​ഗോൾ. തുല്യശക്തികൾ തമ്മിലുള്ള പോരാട്ടത്തിൽ നെതർലൻഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് കീഴടക്കിയാണ് ഇം​ഗ്ലണ്ട് ഫൈനലിൽ എത്തിയത്. ഫൈനലിൽ സ്പെയിനിനെ നേരിടും. നോക്കൗട്ടിൽ തുടർച്ചയായ മത്സരങ്ങളിൽ പിന്നിൽ നിന്ന ശേഷമായിരുന്നു ഇത്തവണയും ഇം​ഗ്ലണ്ട് ജയിച്ചുകയറിയത്. ഇം​ഗ്ലണ്ടിനായി ഹാരി കെയ്ൻ (പെനാൽറ്റി (18)), പകരക്കാരനായി ഇറങ്ങിയ ഒലി വാറ്റ്കിൻസ് (90) എന്നിവരാണ് വല കുലുക്കിയത്.  നെതർലൻഡ്സിനായി സാവി സിമോൺസ് ഏഴാം മിനിറ്റിൽ വലകുലുക്കി. ശക്തമായ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്.

മൈതാനത്തിന് ചൂടുപിടിക്കും മുമ്പേ ഏഴാം മിനിറ്റിൽ സാവി സിമോൺസ് നെതർലൻ‍ഡ്സിനെ മുന്നിലെത്തിച്ചപ്പോൾ 18–ാം മിനിറ്റിൽ ഹാരി കെയ്ന്റെ പെനൽറ്റി ഗോൾ ഇംഗ്ലണ്ടിനായി സമനില പിടിച്ചു. ഇംഗ്ലണ്ടിന്റെ ശക്തമായ പ്രതിരോധം മറികടന്ന് വലത് പാർശ്വത്തിൽ ബോക്സിനു പുറത്തുനിന്ന് സാവി തൊടുത്ത പൊള്ളുന്ന ഷോട്ടിന് മുന്നിൽ പിറ്റ്ഫോർഡിന് മറുപടിയില്ലായിരുന്നു. ​ഗോൾ വഴങ്ങിയതോടെ ഉണർന്ന ഇം​ഗ്ലണ്ട് തുടർച്ചയായി അവസരങ്ങൾ സൃഷ്ടിച്ചു. 13–ാം മിനിറ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ന്റെ ഷോട്ട് ഡച്ച് ഗോളി ബാർട്ട് വെർബ്രഗൻ പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഡച്ച് ബോക്സിൽനിന്ന് ഹാരി കെയ്ന്റെ വോളിയും ലക്ഷ്യം കണ്ടില്ല. ഈ ശ്രമത്തിൽ ഹാരി കെയ്നെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് വിഎആർ പരിശോധനകൾക്കു ശേഷം റഫറി ഇംഗ്ലണ്ടിന് പെനൽറ്റി അനുവദിച്ചു. കിക്കെടുത്ത കെയ്ൻ ലക്ഷ്യം തെറ്റാതെ ഇം​ഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.

പിന്നീട് മത്സരം പിടിച്ചെടുക്കുന്ന ഇം​ഗ്ലണ്ടിനെയാണ് കണ്ടത്. ബെല്ലിങ്ഹാമും ഫിൽ ഫോഡനും സാകയും ഹാരി കെയ്നും നിരന്തരം ആക്രമണമഴിച്ചുവിട്ടു. മറുവശത്ത് അപകടകരമായ കൗണ്ടർ അറ്റാക്കിലൂടെ ഡച്ച് പടയും ഭീതി വിതച്ചു. 23–ാം മിനിറ്റിൽ ഇംഗ്ലണ്ട് താരം ഫിൽ ഫോഡന്റെ ഷോട്ട് ഗോൾ ലൈനിൽ വച്ച് ‍ഡച്ച് താരം ഡെംഫ്രീസ് സേവ് ചെയ്തു. 30–ാം മിനിറ്റിൽ ലഭിച്ച കോർണറിൽ ഡെംഫ്രീസിന്റെ ഹെഡർ ബാറിൽ തട്ടി പുറത്തേക്കുപോയി. 32–ാം മിനിറ്റിൽ ഫിൽ ഫോഡന്റെ ലോങ് റേഞ്ച്  പോസ്റ്റിൽ തട്ടിത്തെറിച്ചു. 36–ാം മിനിറ്റിൽ പരിക്കേറ്റ പ്രധാന താരം മെംഫിസ് ഡിപേയെ നെതർലൻഡ്സ് പിൻവലിച്ചത് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ ഓറഞ്ച് പട ഉണർന്നുകളിച്ചെങ്കിലും ​ഗോൾ മാത്രം അകന്നു. ഇരുടീമും കൊണ്ടും കൊടുത്തും മുന്നേറിയെങ്കിലും ​ഗോളടിക്കാനുള്ള അവസരങ്ങൾ  കുറവായിരുന്നു. 81ാം മിനിറ്റിൽ ഫിൽ ഫോഡനെ‌യും ഹാരി കെയ്നിനെയും കോച്ച് പിൻവലിച്ചു. പകരക്കാരനായി കോലി പാമറും ഒലി വാറ്റ്കിൻസുമെത്തി. കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ വാറ്റ്കിൻസ് ഇം​ഗ്ലണ്ടിന്റെ രക്ഷക്കെത്തി. ബോക്സിനുള്ളിൽ പാസ് സ്വീകരിച്ച് വൺ ടച്ചിന് ശേഷം ബോക്സിന്റെ വലതുമൂലയിലേക്ക് തൊടുത്ത ഷോട്ടിന് മുന്നിൽ ഡച്ച് ​ഗോളി നിസ്സഹായനായി.   

Latest Videos
Follow Us:
Download App:
  • android
  • ios