ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർലീഗ് ഫുട്ബോളിൽ പഴയ പ്രതാപത്തിന്‍റെ നിഴല്‍ മാത്രമായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ആസ്റ്റൻവില്ലയാണ് യുണൈറ്റഡിനെ സമനിലയിൽ തളച്ചത്. ഇരുടീമും രണ്ട് ഗോൾ വീതം നേടി. ടോം ഹീറ്റൺ, വിക്ടർ ലെൻഡലോഫ് എന്നിവരാണ് യുണൈറ്റഡിനായി സ്കോർ ചെയ്തത്.

ജാക് ഗ്രീലിഷും തൈറോൺ മിംഗ്സുമാണ് ആസ്റ്റൻ വില്ലക്കായി ഗോളുകൾ നേടി. 14 കളിയിൽ 18 പോയിന്‍റുമായി ഒൻപതാം സ്ഥാനത്താണിപ്പോഴും യുണൈറ്റഡ്. 15 പോയിന്‍റുമായി ആസ്റ്റൺ വില്ല പതിനഞ്ചാം സ്ഥാനത്താണ്. അതേസമയം, പുതിയ കോച്ച് ഫ്രഡ്ഡീ ലുംബർഗിന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ആഴ്സണലും സമനിലയില്‍ കുരുങ്ങി.

പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയാണ് ആഴ്സണലിനെ സമനിലയിൽ തളച്ചത്. പുറത്താക്കപ്പെട്ട കോച്ച് യുനായ് എമിറിക്ക് പകരമാണ് ലുംബർഗ് ആഴ്സണലിന്‍റെ പരിശീലകനായത്. ആദ്യ മത്സരത്തിൽ ഒബമയാംഗിന്‍റെ ഇരട്ടഗോൾ ആഴ്സണലിനെ തോൽവിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. 19 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് ആഴ്സണൽ.

ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ കരുത്തരായ യുവന്‍റസിനും സമനില പൊട്ടിക്കാനായില്ല. ലീഗിലെ പതിമൂന്നാം സ്ഥാനക്കാരായ സസൗളോയാണ് യുവന്‍റസിനെ സമനിലയിൽ തളച്ചത്. ലിയനാർഡോ ബൊനൂച്ചിയും സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ് യുവന്‍റസിന്‍റെ ഗോളുകൾ നേടിയത്.

ബൊനൂച്ചി ഇരുപതാം മിനിറ്റിലും റൊണാൾഡോ അറുപത്തിയെട്ടാം മിനിറ്റിലുമാണ് സ്കോർ ചെയ്തത്. പെനാല്‍റ്റിയിലൂടെയായിരുന്നു റോണോയുടെ ഗോള്‍. ജെറിമി ബോഗയും ഫ്രാൻസെസ്കോ കപൂറ്റോയുമാണ് സസൗളോയുടെ ഗോളുകൾ നേടിയത്. 14 കളിയിൽ 36 പോയിന്‍റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ യുവന്‍റസ്.