ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റിയെ തകർത്ത് ലിവർപൂൾ. എതിരില്ലാത്ത നാല് ഗോളിനാണ് ലിവർപൂളിന്‍റെ ജയം. ബ്രസീൽതാരം റോബർട്ടോ ഫിർമിനോ ഇരട്ടഗോൾ നേടി. ജെയിംസ് മിൽനർ, ട്രെന്‍റ് അലക്സാണ്ടർ അർനോൾഡ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ലെസ്റ്ററിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ജയത്തോടെ ലീഗിൽ ഒന്നാമതുള്ള ലിവർപൂളും രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററും തമ്മിലുള്ള പോയിന്‍റ് വ്യത്യാസം 13 ആയി.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ നാല് ഗോളിന് ന്യൂകാസിലിനെ തോൽപിച്ചു.ഓൾഡ് ട്രഫോഡിൽ ഒരു ഗോളിന് പിന്നിലായ ശേഷമാണ് യുണൈറ്റഡ് തിരിച്ചുവന്നത്. ആന്‍റണി മാർഷ്യൽ ഇരട്ട ഗോളുമായി തിളങ്ങി. യുവതാരം മേസൺ ഗ്രീൻവുഡ്, മാർക്കസ് റാഷ്ഫോഡ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. 19 കളിയിൽ 28 പോയിന്‍റുമായി ലീഗിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്.

മറ്റൊരു വമ്പന്‍ പോരാട്ടത്തില്‍ ഹോം ഗ്രൗണ്ടിൽ ചെൽസി തുടർച്ചയായ രണ്ടാം തോൽവി. സതാംപ്ടൺ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെൽസിയെ വീഴ്ത്തിയത്. മുപ്പത്തിയൊന്നാം മിനിറ്റിൽ ഒബാഫെമിയും എഴുപത്തിമൂന്നാം മിനിറ്റിൽ റെഡ്മോണ്ടുമാണ് സതാംപ്ടണന്റെ ഗോളുകൾ നേടിയത്. അവസാന ഹോം മത്സരത്തിൽ ബോൺമൗത്തിനോടും ചെൽസി തോൽവി വഴങ്ങിയിരുന്നു. ഇതോടെ 32 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ചെൽസി.

മറ്റൊരു മത്സരത്തില്‍ ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളിന് ബ്രൈറ്റണെ തോൽപിച്ചു. ആദ്യം ഗോൾ വഴങ്ങിയ ശേഷം ആയിരുന്നു ടോട്ടനത്തിന്റെ ജയം. മുപ്പത്തിയേഴാം മിനിറ്റിൽ ആഡം വെബ്സ്റ്ററാണ് ബ്രൈറ്റണെ മുന്നിലെത്തിച്ചത്. അൻപത്തിമൂന്നാം മിനിറ്റിൽ ഹാരി കെയ്ൻ ടോട്ടനത്തെ ഒപ്പമെത്തിച്ചു. എഴുപത്തിരണ്ടാം മിനിറ്റിൽ ഡെലി അലിയാണ് ടോട്ടനത്തിന്റെ വിജയഗോൾ നേടിയത്.

ശ്രദ്ധേയമായ മറ്റൊരു മത്സരത്തില്‍ ആഴ്സണൽ, ബോൺമൗത്തുമായി സമനിലയിൽ പിരിഞ്ഞു. ഇരുടീമും ഓരോ ഗോൾ വീതം നേടി. ഡാൻ ഗോസ്‍ലിംഗിന്റെ ഗോളിന് മുപ്പത്തിയഞ്ചാം മിനിറ്റിൽ ബോൺമൗത്ത് മുന്നിലെത്തി. അറുപത്തിമൂന്നാം മിനിറ്റിൽ ഒബമയാംഗാണ് ആഴ്സണലിന്റെ സമനില ഗോൾ നേടിയത്.