ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. ലീഗ് ജൂണ്‍ ഒന്നിന് പുനരാരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നേരത്തെ സീസണ്‍ ഉപേക്ഷിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ സൂചനകള്‍ ലഭിക്കുന്നത്. ജൂണ്‍ ഒന്നിന് വീണ്ടും തുടങ്ങാന്‍, പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ ധാരണയിലെത്തിയതായി, ഇംഗ്ലണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
അടച്ചിട്ട സ്റ്റേഡിയത്തിലാകും ആദ്യ ഘട്ടത്തില്‍ മത്സരങ്ങള്‍. ആറാഴ്ച കൊണ്ട് സീസണ്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡ് ബാധ കാരണം ഏപ്രില്‍ 30 വരെയുളള മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. ടീമുകളുടെ സാമ്പത്തികനഷ്ടം പരമാവധി കുറയ്ക്കുകയാണ് അധികൃതരുടെ ലക്ഷ്യം. 

യൂറോ കപ്പ് നീട്ടി വച്ചതിലൂടെ ഒഴിവുവന്ന ദിവസങ്ങളില്‍ നിലവിലെ സീസണ്‍ പൂര്‍ത്തിയാക്കിയാല്‍ അടുത്ത സീസണ്‍ ഓഗസ്റ്റില്‍ തന്നെ തുടങ്ങാമെന്നാണ് കണക്കുകൂട്ടല്‍. ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണറ്റഡും അടക്കം മിക്ക പ്രധാന ടീമുകളും 29 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു.

ആകെ 38 റൗണ്ട് ആണ് ലീഗിലുള്ളത്. രണ്ടാം സ്ഥാനത്തുളള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ നിലവില്‍ 25 പോയിന്റ് മുന്നിലുളള ലിവര്‍പൂള്‍ ചാംപ്യന്മാരാകുമെന്ന് ഉറപ്പാണ്. കിരീടധാരണത്തിന് എത്രനാള്‍ കാത്തരിക്കേണ്ടി വരുമെന്ന് മാത്രമാണ് ഇനി അറിയേണ്ടത്.