Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടുത്ത സീസണ് സെപ്റ്റംബര്‍ 12ന് കിക്കോഫ്


മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കാണ് യോഗ്യത നേടാന്‍ അവസരം. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇനി ശേഷിക്കുന്നത്. 37 മത്സരങ്ങളില്‍ 63 പോയിന്റുമായി യുനൈറ്റഡ് മൂന്നാമതാണ്.

English Premier League set start from September 12 for 2020-21 campaign
Author
London, First Published Jul 24, 2020, 8:03 PM IST

ലണ്ടന്‍: അടുത്ത സീസണ്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് സെപ്റ്റംബര്‍ 12ന് കിക്കോഫ് ആവും. മെയ് 23നാണ് അവസാന റൗണ്ട് മത്സരങ്ങള്‍. ഞായറാഴ്ചയാണ് ഈ സീസണിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ സീസണില്‍ മാര്‍ച്ച് മുതല്‍ മൂന്ന് മാസത്തോളം മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. ജൂണ്‍ 17നാണ് വീണ്ടും മത്സരങ്ങള്‍ പുനരാരംഭിച്ചത്.

രണ്ട് സീസണുകള്‍ക്കിടക്ക് ഏഴാഴ്ചത്തെ വിശ്രമം ആണ് താരങ്ങള്‍ക്ക് ലഭിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വരും സീസണിലും അഞ്ച് പകരക്കാരെ ഇറക്കാമെന്ന നിര്‍ദേശം പ്രീമിയര്‍ ലീഗില്‍ തുടരും. ജൂണില്‍ ലീഗ് പുനരാരംഭിച്ചപ്പോള്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടത്തിയതെങ്കിലും പുതിയ സീസണില്‍ കാണികളെ പ്രവേശിപ്പിച്ച് മത്സരം നടത്താനാകുമെന്നാണ് അധികതൃരുടെ പ്രതീക്ഷ.

എന്നാല്‍ ഒക്ടോബര്‍ വരെയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ തന്നെ നടത്തേണ്ടിവരുമെന്ന സൂചനയാണ് ബ്രട്ടീഷ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവിലെ സീസണില്‍ ലിവര്‍പൂള്‍ ചാംപ്യന്‍ഷിപ്പ് നേടിക്കഴിഞ്ഞെങ്കിലും ഞായറാഴ്ച നടക്കുന്ന അവസാന റൗണ്ട് പോരാട്ടം പല വമ്പന്‍ ടീമുകള്‍ക്കും ഏറെ നിര്‍ണായകമാണ്. ലീഗില്‍ നിന്ന് ആരൊക്കെ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുമെന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കാണ് യോഗ്യത നേടാന്‍ അവസരം. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇനി ശേഷിക്കുന്നത്. 37 മത്സരങ്ങളില്‍ 63 പോയിന്റുമായി യുനൈറ്റഡ് മൂന്നാമതാണ്. ഇത്രയും പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 62 പോയിന്റുള്ള ലെസ്റ്റര്‍ അഞ്ചാമതും നില്‍ക്കുന്നു. ഗോള്‍ വ്യത്യാസമാണ് ചെല്‍സിയെ യുനൈറ്റഡിന് പിന്നാലാക്കിയത്.

ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങള്‍ ആണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ആര്‍ക്കെന്ന് വിധിക്കുക. ഇതില്‍ ഒരു മത്സരത്തില്‍ യുനേറ്റഡ് ലെസ്റ്ററിനെ നേരിടും. മറ്റൊന്നില്‍ ചെല്‍സി വോള്‍വ്‌സിനെ നേരിടും. ചെല്‍സിക്കും യുണൈറ്റഡിനും അവസാന മത്സരത്തില്‍ ഒരു സമനില ചാമ്പ്യന്‍സ് ലീഗ് യോഗ്യത നല്‍കും. ലെസ്റ്ററിന് യോഗ്യത ലഭിക്കണമെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയോ അല്ലായെങ്കില്‍ ചെല്‍സി പരാജയപ്പെടുകയും ലെസ്റ്റര്‍ സമനില നേടുകയും ചെയ്യണം. ലെസ്റ്ററിന്റെ ഗ്രൗണ്ടിലാണ് മാഞ്ചസ്റ്ററിന്റെ മത്സരം.

ചെല്‍സിക്ക് എതിരാളികളായുള്ള വോള്‍വ്‌സ് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാന്‍ എന്തായാലും വിജയിക്കേണ്ടതുണ്ട്. വോള്‍വ്‌സ് മികച്ച ഫോമിലുമാണ്. എല്ലാ മത്സരങ്ങളും ഞായറാഴ്ച വൈകിട്ട് 8.30നാണ് നടക്കുക. എന്തായാലും പ്രീമിയര്‍ ലീഗിലെ അവസാന ദിവസം നാടകീയത നിറഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം.

Follow Us:
Download App:
  • android
  • ios