വോൾവര്‍ഹാംടണ്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ജൈത്രയാത്ര തുടരാൻ ലിവർപൂൾ ഇന്നിറങ്ങുന്നു. ഇരുപത്തിമൂന്നാം റൗണ്ടിൽ ലിവർപൂൾ വോൾവ്‌സിനെ നേരിടും. വോൾവ്സിന്റെ മൈതാനത്ത് ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്കാണ് കളിതുടങ്ങുക. ഫാബീഞ്ഞോ പരുക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുന്നത് ലിവർപൂളിന് കരുത്താവും. 

മുഹമ്മദ് സലാ, സാദിയോ മാനേ, റോബർട്ടോ ഫിർമിനോ ത്രയത്തിന്റെ കരുത്തിലാണ് ലിവർപൂളിന്റെ മുന്നേറ്റം. 22 കളിയിൽ 64 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ലിവ‍ർപൂൾ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 13 പോയിന്റ് മുന്നിലാണ് ലിവർപൂൾ. 34 പോയിന്റുള്ള വോൾവ്സ് ആറാംസ്ഥാനത്താണ്. വോൾവ്സിനെതിരെ അവസാനം ഏറ്റുമുട്ടിയ ആറ് കളിയിലും ലിവർപൂളിനായിരുന്നു ജയം. 

അട്ടിമറിയില്‍ കണ്ണുതള്ളി യുണൈറ്റഡ്

ഇന്നലെ നടന്ന മത്സരത്തില്‍ ബേൺലിയോട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍വി വഴങ്ങി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബേൺലിയുടെ ജയം. ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ്. മറ്റ് മത്സരങ്ങളില്‍ നോർവിച്ച് സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടനവും വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ലെസ്റ്റർ സിറ്റിയും തോൽപ്പിച്ചു. ലീഗിൽ മൂന്നാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റി. ആറാം സ്ഥാനത്താണ് ടോട്ടനം.

Read more: ബേണ്‍ലിയോട് നാണംകെട്ട് യുണൈറ്റഡ്; അടിതെറ്റിയത് സ്വന്തം തട്ടകത്തില്‍