മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ വമ്പന്‍ പോരാട്ടത്തിൽ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ആഴ്സനലിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് സിറ്റി തകര്‍ത്തു. ആദ്യപകുതിയിലാണ് മൂന്ന് ഗോളും സിറ്റി നേടിയത്. കെവിന്‍ ഡി ബ്രുയിന്‍ ഇരട്ടഗോള്‍ നേടി. 2, 40 മിനിറ്റുകളിലാണ് ഡിബ്രുയിന്‍ ഗോള്‍ നേടിയത്. 15ആം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗും സിറ്റിക്കായി ലക്ഷ്യം കണ്ടു. 

17 കളിയിൽ 35 പോയിന്‍റുമായി സിറ്റി മൂന്നാം സ്ഥാനത്താണ്. ആഴ്സനല്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്. 49 പോയിന്‍റോടെ ലിവര്‍പൂള്‍ ഒന്നാമതും 39 പോയിന്‍റോടെ ലെസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തും തുടരും. 

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. എവേര്‍ട്ടനാണ് യുണൈറ്റഡിനെ തളച്ചത്. യുണൈറ്റഡ് മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി. 36-ാം മിനിറ്റില്‍ വിക്ടര്‍ ലിന്‍ഡെലോഫിന്‍റെ സെൽഫ് ഗോളില്‍ എവേര്‍ട്ടൺ ലീഡ് നേടി. രണ്ടാം പകുതിയിലാണ് യുണൈറ്റഡ് തിരിച്ചടിച്ചത്. 77-ാം മിനിറ്റില്‍ മേസൺ ഗ്രീന്‍വുഡാണ് സമനില ഗോള്‍ നേടിയത് 17 കളിയിൽ 25 പോയിന്‍റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്. എവേര്‍ട്ടൺ പതിനാറാം സ്ഥാനത്താണ്.  സിറ്റിയെയും ടോട്ടനത്തെയും തോൽപ്പിച്ച യുണൈറ്റഡിന് എവേര്‍ട്ടനെതിരായ സമനില തിരിച്ചടിയാണ്.

അതേസമയം ടോട്ടനം നാടകീയജയം സ്വന്തമാക്കി. വൂള്‍വ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ടോട്ടനം തോൽപ്പിച്ചത്. എട്ടാം മിനിറ്റിൽ ലൂക്കാസ് മൗറ ടോട്ടനത്തിനെ മുന്നിലെത്തിച്ചു. 67-ാം മിനിറ്റില്‍ ആഡാമ ട്രവോറെ വൂള്‍വ്സിനായി തിരിച്ചടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ചപ്പോള്‍ ഇഞ്ച്വറി ടൈമിൽ ജാന്‍ വെര്‍ട്ടോംഗന്‍ വിജയഗോള്‍ നേടി. 17 കളിയിൽ 26 പോയിന്‍റുമായി ടോട്ടനം അഞ്ചാമതാണ്. 

പോച്ചെറ്റിനോയെ പുറത്താക്കി മൗറീഞ്ഞോ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷം അഞ്ച് മത്സരങ്ങളില്‍ ടോട്ടനത്തിന്‍റെ നാലാം ജയമാണിത്. പഴയ ടോട്ടനം ആയിരുന്നെങ്കില്‍ ഇതുപോലുള്ള മത്സരങ്ങള്‍ തോറ്റേനേ എന്ന് മൗറീഞ്ഞോ അഭിപ്രായപ്പെട്ടു.