മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. ജാമി വാർഡിയുടെ ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ലെസ്റ്ററിന്റെ തോൽവി. 

റിയാദ് മെഹറസ്, ഗുൺഡോഗൻ, ഗബ്രിയേൽ ജിസ്യൂസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്. തോറ്റെങ്കിലും 39 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ് ലെസ്റ്റർ സിറ്റി. 38 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്താണ്. 49 പോയിന്റുള്ള ലിവർപൂളാണ് മുന്നിൽ. 

അതേസമയം പുതിയ കോച്ച് മികേൽ അർട്ടേറ്റയ്‌ക്ക് കീഴിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ ആഴ്‌സണല്‍ സമനില വഴങ്ങി. ആഴ്‌സണൽ പ്രീമിയർ ലീഗിൽ എവർട്ടനുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 23 പോയിന്റുമായി ലീഗിൽ പതിനൊന്നാം സ്ഥാനത്താണ് ആഴ്‌സണൽ. 19 പോയിന്റുള്ള എവർട്ടൻ പതിനഞ്ചാം സ്ഥാനത്തും. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസി-ടോട്ടനം സൂപ്പർ പോരാട്ടം. രാത്രി പത്തിന് ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 29 പോയിന്റുള്ള ചെൽസി നാലും 26 പോയിന്റുള്ള ടോട്ടനം ഏഴും സ്ഥാനത്താണ്. മോറീഞ്ഞോയും ലാംപാർഡും പരിശീലകരായി ആദ്യമായി നേർക്കുനേർ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. 

മോറീഞ്ഞോയുടെ കീഴിൽ ചെൽസി താരമായിരുന്നു ലാംപാർഡ്. വൈകിട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫോർഡുമായി ഏറ്റുമുട്ടും. 25 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്.