ചെല്‍സി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ടോട്ടനത്തെ തോല്‍പിച്ച് ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെൽസിയുടെ ജയം. നവംബറിന് ശേഷം ആദ്യമായി ഒന്നാംമിനിറ്റ് മുതലേ കളത്തിലിറങ്ങാന്‍ കിട്ടിയ അവസരം ഫ്രഞ്ച് താരം ജിറൗഡ് മുതലാക്കിയപ്പോള്‍ കാൽമണിക്കൂറിലേ ചെൽസി മുന്നിലെത്തി.

ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മാര്‍ക്കോസ് അലോന്‍സോയുടെ മിന്നൽപ്രഹരം. വീണ്ടും ഗോളടിക്കുന്നതിന് തൊട്ടടുത്ത് പലകുറി ചെൽസിയെത്തിയെങ്കിലും ഫൈനൽ വിസിലിന് മുന്‍പ് പന്തെത്തിയത് നീലപ്പടയുടെ വലയിൽ. 89-ാം മിനിറ്റിൽ സെൽഫ് ഗോള്‍. 27 കളിയിൽ 44 പോയിന്‍റുമായി നാലാംസ്ഥാനം ഭദ്രമാക്കി ചെൽസി. ടോട്ടനം നാൽപ്പത് പോയിന്‍റുമായി അഞ്ചാംസ്ഥാനത്ത് തുടരും. 

സിറ്റിയുടെ രക്ഷകനായി ജിസ്യൂസ്

അതേസമയം ലെസ്റ്റർ സിറ്റിക്കെതിരെ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി ജയിച്ചത്. എണ്‍പതാം മിനുട്ടിൽ ഗബ്രിയേൽ ജിസ്യൂസാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയഗോൾ നേടിയത്. ഗോൾ നേടാനുള്ള രണ്ട് സുവ‍ർണാവസരങ്ങൾ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ പാഴാക്കി. വിഎആർ വഴി ലഭിച്ച പെനാൾട്ടിയിലും അഗ്യൂറോയ്‌ക്ക് ഗോൾ കണ്ടെത്താനായില്ല.

Read more: ലാ ലിഗ: റയലിനെ തളച്ച് ലെവന്‍റെ; മെസി മാജിക്കില്‍ ബാഴ്‌സ തലപ്പത്ത്

ലീഗിൽ 57 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി. 76 പോയിന്‍റുകളുള്ള ലിവർപൂളാണ് പട്ടികയിൽ മുന്നിൽ.