മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ടോട്ടനത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തളച്ചു. ഇരട്ട ഗോൾ നേടിയ മാർക്കസ് റാഷ്‌ഫോർഡാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്. ടോട്ടനത്തിന്‍റെ ഏക ഗോൾ ദെലെ അലി നേടി.

ലീഗില്‍ കുതിപ്പ് തുടരുന്ന ലിവര്‍പൂള്‍ രണ്ടിനെതിരെ അഞ്ച് ഗോളിന് എവര്‍ട്ടനെ അടിയറവുപറയിച്ചു. ഡിവോക് ഒറിഗി, ഷെർദാൻ ഷാക്കിരി, സാദിയോ മാനേ, ജോർജിനിയോ വൈനാൾഡം എന്നിവർ ലിവർപൂളിനായി ഗോൾ നേടി.

ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെയെ തളച്ചു. ടാമ്മി എബ്രഹാം, മാസണ്‍ മൗണ്ട് എന്നിവരാണ് ചെൽസിക്കായി ഗോൾ നേടിയത്. ലെസ്റ്റര്‍ സിറ്റി വാറ്റ്ഫോര്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പിടിച്ചുകെട്ടി. ജാമ്മി വാർഡിയും ജയിംസ് മാഡിസണുമാണ് സ്‌കോറർമാർ.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്‌സനലിന് ഇന്ന് ഹോം മത്സരം. ബ്രൈറ്റൺ ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.45നാണ് മത്സരം. 14 കളിയിൽ ആഴ്‌സനലിന് 19ഉം ബ്രൈറ്റണിന് 15ഉം പോയിന്‍റാണ് സമ്പാദ്യം. ഞായറാഴ്ച നോര്‍വിച്ചിനെതിരെ ആഴ്‌സനല്‍ സമനില വഴങ്ങിയിരുന്നു. കഴിഞ്ഞ എട്ട് മത്സരത്തിൽ ആഴ്‌സനലിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.