മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡര്‍ബി. ഇന്ത്യന്‍ സമയം രാത്രി 10ന് യുണൈറ്റ‍ഡ് മൈതാനമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ സിറ്റിയും യുണൈറ്റഡും നേര്‍ക്കുനേര്‍ വരും. 

ജയിച്ചാല്‍ യുണൈറ്റഡ‍ിന് ഗുണമേറെ

നിലവില്‍ ലിവര്‍പൂളിന് പിന്നിലായി രണ്ടാംസ്ഥാനത്താണ് സിറ്റി. 27 കളിയിൽ സിറ്റിക്ക് 57 പോയിന്‍റുണ്ട്. 28 കളിയിൽ 42 പോയിന്‍റുമായി യുണൈറ്റ‍ഡ് ഏഴാം സ്ഥാനത്താണ്. ജയിച്ചാൽ യുണൈറ്റഡ് നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നേക്കും. വൈകിട്ട് 7.30ന് നടക്കുന്ന ചെല്‍സിയുടെ മത്സരം നിര്‍ണായകമാകും. എവര്‍ട്ടനാണ് എതിരാളികള്‍. നിലവില്‍ 28 കളിയിൽ 45 പോയിന്റോടെ ചെൽസി നാലാമതാണ്. പന്ത്രണ്ടാംസ്ഥാനത്തുള്ള എവര്‍ട്ടന് 37 പോയിന്‍റേയുള്ളൂ. 

മാനം കാത്ത് മാനെ; ലിവര്‍പൂള്‍ വിജയവഴിയില്‍ 

ബേൺമൗത്തിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ച് ലിവര്‍പൂള്‍ വിജയവഴിയില്‍ മടങ്ങിയെത്തി. ലിവറിനായി മുഹമ്മദ് സലായും(25) സാദിയോ മാനെയും(33) ലക്ഷ്യം കണ്ടു. ഏഴാം മിനുറ്റില്‍ വില്‍സണിന്‍റെ ഗോളില്‍ ബേൺമൗത്ത് മുന്നിലെത്തിയിരുന്നു. 29 കളിയിൽ 82 പോയിന്‍റുമായി ലിവര്‍പൂള്‍ ലീഗില്‍ ബഹുദൂരം മുന്നിലാണ്. മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാമിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ആഴ്‌സനല്‍ തോൽപ്പിച്ചു. എന്നാല്‍ ടോട്ടനം എവേ മത്സരത്തിൽ ബേണ്‍ലിയോട് സമനില(2-2) വഴങ്ങി.

Read more: വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍; ടോട്ടനത്തിന് അപ്രതീക്ഷിത സമനില