ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രമുഖ ടീമുകൾ ഇന്ന് പത്തൊൻപതാം റൗണ്ട് മത്സരത്തിനിറങ്ങും. ആഴ്‌സണൽ, ടോട്ടനം, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് മത്സരമുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലമെച്ചപ്പെടുത്താൻ പൊരുതുന്ന ടോട്ടനം വൈകിട്ട് ആറിന് ബ്രൈറ്റണെ നേരിടും. ജോസെ മോറീഞ്ഞോയുടെ ശിക്ഷണത്തിൽ ഹോം ഗ്രൗണ്ടിൽ ഇറങ്ങുന്ന ടോട്ടനം ലീഗിൽ 26 പോയിന്റുമായി ഏഴാം സ്ഥാനത്താണിപ്പോൾ. 20 പോയിന്റുള്ള ബ്രൈറ്റൺ പതിമൂന്നാംസ്ഥാനത്തും. 

പുതിയ കോച്ച് മികേൽ അർട്ടേറ്റയ്ക്ക് കീഴിൽ തിരിച്ചുവരവിനൊരുങ്ങുന്ന ആഴ്‌സണലിന് ബോൺമൗത്താണ് എതിരാളികൾ. രാത്രി എട്ടരയ്ക്ക് ബൗൺമൗത്തിന്റെ മൈതാനത്താണ് മത്സരം. മെസൂറ്റ് ഓസിൽ പരുക്കുമാറി എത്തുന്നതാണ് ആഴ്‌സണലിന് കരുത്താവും. 23 പോയിന്റുള്ള ആഴ്‌സണൽ ലീഗിൽ പതിനൊന്നാംസ്ഥാനത്താണ്. ബോൺമൗത്ത് പതിനാലാമതും. 

ഫ്രാങ്ക് ലാംപാം‍ർഡിന്റെ ചെൽസി രാത്രി എട്ടരയ്ക്ക് ഹോം ഗ്രൗണ്ടിൽ സതാംപ്ടണെ നേരിടും. യുവതാരങ്ങളുമായി പൊരുതുന്ന ചെൽസി 32 പോയിന്റുമായി നാലാം സ്ഥാനത്താണിപ്പോൾ. പരുക്കിൽനിന്ന് മോചിതനായ ക്യാപ്റ്റൻ സെസാർ ആസ്പലിക്യൂട്ടയ്ക്ക് കളിക്കാനാവുമെന്നാണ് ലാംപാം‍ർഡിന്റെ പ്രതീക്ഷ. 

മാഞ്ചസ്റ്റർ യുണൈറ്റഡ് രാത്രി പതിനൊന്നിന് തുടങ്ങുന്ന കളിയിൽ ന്യൂകാസിൽ യുണൈറ്റഡുമായി ഏറ്റുമുട്ടും. 25 പോയിന്റുമായി ഒപ്പത്തിനൊപ്പമാണെങ്കിലും ഗോൾ ശരാശരിയിൽ യുണൈറ്റഡ് എട്ടും ന്യൂകാസിൽ ഒൻപതും സ്ഥാനങ്ങളിൽ. മറ്റ് മത്സരങ്ങളിൽ ഷെഫീൽഡ് യുണൈറ്റഡ്, വാറ്റ്ഫോർഡിനെയും ആസ്റ്റൺവില്ല, നോർവിച്ച് സിറ്റിയെയും ക്രിസ്റ്റൽപാലസ്, വെസ്റ്റ് ഹാമിനെയും എവേർട്ടൺ, ബേൺലിയെയും നേരിടും.