Asianet News MalayalamAsianet News Malayalam

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍; യുണൈറ്റഡിനും ചെല്‍സിക്കും ജയം

മുപ്പത്തിയേഴാം മിനിട്ടിൽ ഫിർമിനോ നേടിയ ഗോളാണ് ലിവർപൂളിനെ തുണച്ചത്. ജയത്തോടെ 21 കളികളിൽ 61 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ലിവർപൂൾ. 

EPL 2019 20 Match Day 22 Liverpool Chelsea and Manchester United win
Author
London, First Published Jan 12, 2020, 8:25 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടനത്തിനെതിരെ ലിവർപൂളിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനത്തെ തകർത്തത്. മുപ്പത്തിയേഴാം മിനിട്ടിൽ ഫിർമിനോ നേടിയ ഗോളാണ് ലിവർപൂളിനെ തുണച്ചത്. ജയത്തോടെ 21 കളികളിൽ 61 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ് ലിവർപൂൾ. പ്രീമിയർ ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന ലിവർപൂളിന് 21 കളികളിൽ 20 ജയവും ഒരു സമനിലയുമാണുള്ളത്. 22 കളികളിൽ മുപ്പത് പോയിന്റുള്ള ടോട്ടനം എട്ടാം സ്ഥാനത്താണ്. 

റാഷ്‌ഫോര്‍ഡിന് ഡബിള്‍

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന് നോർവിച്ച് സിറ്റിയെ തകർത്തു. മാർക്കസ് റാഷ്ഫോർഡിന്റെ ഇരട്ടഗോൾ മികവിലാണ് യുണൈറ്റഡിന്‍റെ ജയം. 27, 52 മിനിറ്റുകളിലായിരുന്നു റാഷ്ഫോർഡിന്റെ ഗോളുകൾ. ആന്തണി മാർഷ്യാലും മേസൺ ഗ്രീൻവുഡുമാണ് യുണൈറ്റഡിന്റെ മറ്റ് ഗോളുകൾ നേടിയത്. ഒൻപതാം ജയത്തോടെ 34 പോയിന്റുമായി യുണൈറ്റഡ് ലീഗിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. 

ചെല്‍സിക്ക് ജയം, ലെസ്റ്ററിന് തിരിച്ചടി

ചെൽസി എതിരില്ലാത്ത മൂന്ന് ഗോളിന് ബേൺലിയെ തോൽപിച്ചു. ഇരുപത്തിയേഴാം മിനിറ്റിൽ ജോർജീഞ്ഞോയാണ് ചെൽസിയുടെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. മുപ്പത്തിയെട്ടാം മിനിറ്റിൽ ടാമി എബ്രഹാമും നാൽപ്പത്തിയൊൻപതാം മിനിറ്റിൽ കല്ലം ഹഡ്സനുമാണ് ചെൽസിയുടെ മറ്റ് ഗോളുകൾ നേടിയത്. 39 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ ചെൽസി. 

ഇതേസമയം, ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റി സീസണിലെ അഞ്ചാം തോൽവി നേരിട്ടു. സതാംപ്ടൺ ഒന്നിനെതിരെ രണ്ട് ഗോളിന് ലെസ്റ്ററിനെ തോൽപിച്ചു. ഡെന്നിസ് പ്രെയ്റ്റിന്റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ലെസ്റ്ററിന്റെ തോൽവി. സ്റ്റുവർട്ട് ആംസ്ട്രോംഗ്, ഡാനി ഇംഗ്സ് എന്നിവരുടെ ഗോളുകൾക്കാണ് സതാംപ്ടന്റെ ജയം. 

ആഴ്സണലിന് സമനിലക്കുരുക്ക്

പ്രീമിയർ ലീഗിൽ ആഴ്സണല്‍ സമനിലക്കുരുക്കിലായി. ക്രിസ്റ്റൽ പാലസാണ് ആഴ്സണലിനെ സമനിലയിൽ കുരുക്കിയത്. ഇരുടീമും ഓരോ ഗോൾ വീതം നേടി. പന്ത്രണ്ടാം മിനിറ്റില്‍ ഒബമയാംഗിലൂടെ ആഴ്സണലാണ് ആദ്യം ഗോൾ നേടിയത്. അൻപത്തിനാലാം മിനിറ്റിൽ ജോർദാൻ അയോ ക്രിസ്റ്റൽ പാലസിനെ ഒപ്പമെത്തിച്ചു. അറുപത്തിയേഴാം മിനിറ്റിൽ ഒബമയാംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആഴ്സണലിന് കനത്ത തിരിച്ചടിയായി. 28 പോയിന്റുമായി ലീഗിൽ പത്താം സ്ഥാനത്താണ് ആഴ്സണൽ. 29 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് ഒൻപതാം സ്ഥാനത്തും.
 

Follow Us:
Download App:
  • android
  • ios