ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനവും ആഴ്സണലും ഇന്ന് ഈ വർഷത്തെ ആദ്യ മത്സരത്തിനിറങ്ങും. ടോട്ടനം വൈകിട്ട് ആറിന് തുടങ്ങുന്ന കളിയിൽ ലീഡ്സ് യുണൈറ്റഡുമായി ഏറ്റുമുട്ടും. ടോട്ടനത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ വെസ്റ്റ് ബ്രോമാണ് ആഴ്സണലിന്റെ എതിരാളികൾ. 

15 കളിയിൽ 26 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്താണിപ്പോൾ ടോട്ടനം. 16 കളിയിൽ 23 പോയിന്റുള്ള ലീഡ്സ് യുണൈറ്റഡ് പതിനൊന്നാം സ്ഥാനത്തും.

സീസണിൽ ആറ് ജയം മാത്രമുള്ള ആഴ്സണൽ എവേ മത്സരത്തിലാണ് വെസ്റ്റ് ബ്രോമിനെ നേരിടുക. 20 പോയിന്റുള്ള ആഴ്സണൽ പതിമൂന്നും വെസ്റ്റ് ബ്രോം എട്ട് പോയിന്റുമായി പത്തൊൻപതാം സ്ഥാനത്തും. മറ്റ് മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ്, ഷെഫീൽഡ് യുണൈറ്റഡിനെയും ബ്രൈറ്റൺ, വോൾവ്സിനെയും നേരിടും.

റയലിനും ഇന്ന് മത്സരം

സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഇന്ന് 2021ലെ ആദ്യ മത്സരത്തിനിറങ്ങും. രാത്രി ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ സെൽറ്റ വിഗോയാണ് എതിരാളികൾ. റയലിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 16 കളിയിൽ 33 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്. 23 പോയിന്റുള്ള സെൽറ്റ വിഗോ എട്ടാം സ്ഥാനത്തും. 

മറ്റ് മത്സരങ്ങളിൽ വിയ്യാ റയൽ, ലെവാന്റെയെയും സെവിയ, റയൽ ബെറ്റിസിനെയും ഗെറ്റാഫെ, വയ്യാഡോളിഡിനെയും നേരിടും. 14 കളിയിൽ 35 പോയിന്റുള്ള അത്‍ലറ്റിക്കോ മാഡ്രിഡാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. ബാഴ്സലോണ പുതുവർഷത്തെ ആദ്യ മത്സരത്തിൽ നാളെ ഹ്യൂയസ്കയെ നേരിടും.

കൊമ്പന്‍മാര്‍ക്ക് ഇന്ന് വമ്പന്‍ പോരാട്ടം; എതിരാളികള്‍ മുംബൈ സിറ്റി