മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എട്ടാം മത്സരം. പുതുവർഷത്തിലെ ആദ്യ കളിയിൽ മുംബൈ സിറ്റിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക.

തിരിച്ചടികളുടെ കാലം മറക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് 2021ലേക്ക് ബൂട്ടുകെട്ടുന്നത്. 2020ലെ അവസാന മത്സരത്തിൽ സീസണിലെ ആദ്യ ജയം നേടിയ ആത്മവിശ്വാസം കൈമുതല്‍. ഏഴ് കളിയിൽ ആറ് പോയിന്റ് മാത്രം അക്കൗണ്ടിലുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒൻപതാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം. 

ഏഴ് കളിയിൽ 16 പോയിന്റുമായി ലീഗിലെ രണ്ടാം സ്ഥാനക്കാരാണ് കൊമ്പൻമാരുടെ മുന്നിലുള്ള മുംബൈ സിറ്റി. സെർജിയോ ലൊബേറേയുടെ ശിക്ഷണത്തിൽ കിരീട പ്രതീക്ഷയുമായി മുന്നേറുന്ന മുംബൈയെ പിടിച്ചുകെട്ടുക ബ്ലാസ്റ്റേഴ്സിന് എളുപ്പമാവില്ല. വിശ്രമത്തിലായിരുന്ന ബ്ലാസ്റ്റേഴ്സിന്റെ മുൻനായകൻ ബാർത്തലോമിയോ ഒഗ്ബചേയും ഹ്യൂഗോ ബൗമസും കൂടി തിരിച്ചെത്തുമ്പോൾ മുംബൈ അതിശക്തർ. 

ബകാരി കോനെ, കോസ്റ്റ നൊമെയ്നേസു, ഫോമിലേക്കുയരാത്ത ഗാരി ഹൂപ്പർ എന്നിവരെ പുറത്തിരുത്തി ഇന്ത്യൻ താരങ്ങൾക്ക് പ്രാധാന്യം നൽകി ഇറങ്ങിയപ്പോഴാണ് ബ്ലാസ്റ്റേഴ്സ് ആദ്യജയം സ്വന്തമാക്കിയത്. ശക്തമായ മുന്നേറ്റനിരയുള്ള മുംബൈയ്ക്കെതിരെ ഇറങ്ങുമ്പോൾ പ്രതിരോധത്തിൽ കോച്ച് കിബു വികൂന മാറ്റം വരുത്തിയേക്കും. ഗോളടിക്കാൻ ഹൂപ്പറിന് പകരം ജോർദാൻ മുറേയെ തന്നെയായിരിക്കും നിയോഗിക്കുക. 

ഇരുടീമും പന്ത്രണ്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മുംബൈ നാലിൽ ജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് രണ്ട് ജയം മാത്രം. ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

പുതുവര്‍ഷാഘോഷം ഗംഭീരമാക്കി യുണൈറ്റഡ്; ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ ജയം