Asianet News MalayalamAsianet News Malayalam

EPL 2021-22: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടധാരണം, സിറ്റിയോ ലിവര്‍പൂളോ എന്ന് ഇന്നറിയാം

ലിവര്‍പൂൾ ഒരു പോയിന്‍റ് മാത്രം പിന്നിൽ. ലിവര്‍പൂളിന്‍റെ ഇതിഹാസതാരമായിരുന്ന സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയ്ക്കെതിരെ ഇറങ്ങുമ്പോള്‍ സിറ്റിക്ക് മുന്നിൽ ലക്ഷ്യം വ്യക്തം. ഇന്ന് ജയിച്ചാൽ 93 പോയിന്‍റുമായി ലിവര്‍പൂളിന് തൊടാനാകാത്ത അകലത്തിലെത്താം ഗ്വാര്‍ഡിയോളയുടെ സംഘത്തിന്.

 

EPL 2021-22: All eyes on Man City, Liverpool games for title-decider
Author
manchester, First Published May 22, 2022, 10:24 AM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്(EPL) ജേതാക്കളെ ഇന്നറിയാം. മാഞ്ചസ്റ്റര്‍ സിറ്റിയും(Man City) ലിവര്‍പൂളും(Liverpool) ആണ് കിരീടപ്രതീക്ഷയിൽ അവസാന ദിനം ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങുന്നത്. 37 റൗണ്ടിനിപ്പുറം, സീസണിലെ അവസാന മത്സരത്തിന് കിക്കോഫ് ആകുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 90 പോയിന്‍റുമായി ഒന്നാം സ്ഥാനത്ത്.

ലിവര്‍പൂൾ ഒരു പോയിന്‍റ് മാത്രം പിന്നിൽ. ലിവര്‍പൂളിന്‍റെ ഇതിഹാസതാരമായിരുന്ന സ്റ്റീവന്‍ ജെറാര്‍ഡ് പരിശീലിപ്പിക്കുന്ന ആസ്റ്റൺ വില്ലയ്ക്കെതിരെ ഇറങ്ങുമ്പോള്‍ സിറ്റിക്ക് മുന്നിൽ ലക്ഷ്യം വ്യക്തം. ഇന്ന് ജയിച്ചാൽ 93 പോയിന്‍റുമായി ലിവര്‍പൂളിന് തൊടാനാകാത്ത അകലത്തിലെത്താം ഗ്വാര്‍ഡിയോളയുടെ സംഘത്തിന്.

എന്നാൽ സിറ്റിക്ക് ജയിക്കാനായില്ലെങ്കില്‍ ലിവര്‍പൂളിന്‍റെ മത്സരഫലം അനുസരിച്ചാകും പ്രീമിയര്‍ ലീഗ് ജേതാക്കളെ നിശ്ചയിക്കുക. ഇനി ലിവര്‍പൂളിന്‍റെ സാധ്യത പരിശോധിക്കാം. യൂര്‍ഗന്‍ ക്ലോപ്പ് പരിശീലകനായ ചെമ്പടയ്ക്ക് ചാംപ്യന്മാരാകണമെങ്കില്‍ വൂള്‍വ്സിനെതിരെ ആന്‍ഫീല്‍ഡിൽ ജയിച്ചാൽ മാത്രം പോരാ, മാഞ്ചസ്റ്റര്‍ സിറ്റി, ആസ്റ്റൺ വില്ലയ്ക്കെതിരെ തോൽക്കുകയോ സമനില വഴങ്ങുകയോ വേണം.

രണ്ട് ടീമുകളും അവസാന റൗണ്ടിൽ തോറ്റാലും മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നിലനിര്‍ത്താം.കാരണം ഗോൾശരാശരിയിൽ ലിവര്‍പൂളിനേക്കാള്‍ വ്യക്തമായ മേൽക്കൈ സിറ്റിക്ക്
ഉണ്ട് ഇനി രണ്ട് ടീമുകളും 38 റൗണ്ടിനുശേഷം ഒപ്പത്തിനൊപ്പം വരുന്ന സാഹചര്യമുണ്ടോ എന്ന് കൂടി നോക്കാം. വൂള്‍വ്സിനെതിരെ ലിവര്‍പൂൾ 5-5 എന്ന നിലയിൽ സമനില വഴങ്ങുകയും, ആസ്റ്റൺ വില്ലയ്ക്കെതിരെ മാഞ്ചസ്റ്റര്‍ സിറ്റി 6 ഗോളിന് തോൽക്കുകയും ചെയ്താൽ വിജയികളെ നേരിടാന്‍ പ്ലേ ഓഫ് മത്സരം വേണ്ടിവരും. എന്തായാലും അതിന് സാധ്യത കുറവ്.

കണക്കിൽ സിറ്റിക്ക് മേൽക്കൈ ഉണ്ടെങ്കിലും എഫ് എ കപ്പ് , ഇഎഫ്എൽ കപ്പ് വിജയങ്ങള്‍ക്കൊപ്പം പ്രീമിയര്‍ ലീഗും നേടി ട്രിപ്പിള്‍ അടിക്കാനുള്ള അവസരം ലിവര്‍പൂളിന് പ്രചോദനമാകും. സീസണിലെ അവസാന റൗണ്ടായതിനാല്‍ എല്ലാ കളികളും രാത്രി എട്ടരയ്ക്കാണ് തുടങ്ങുക.

Follow Us:
Download App:
  • android
  • ios