പ്രീമിയർ ലീഗിൽ ചെൽസിയുടെ ഗോൾവർഷം. ചെൽസി എതിരില്ലാത്ത ആറ് ഗോളിന് സതാംപ്ടണെ തകർത്തു. 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (EPL) ആദ്യ നാലിലെത്താമെന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ (Man United) മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ഒറ്റ ഗോളിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ (Cristiano Ronaldo) മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു സ്വന്തം കാണികൾക്ക് മുന്നിലിറങ്ങിയ എവർട്ടൻ (Everton). ആന്തണി ഗോർഡന്‍ ഇരുപത്തിയേഴാം മിനിറ്റിലാണ് നിർണായക ഗോൾ നേടിയത്. ഗോളി ജോർദാൻ പിക്ഫോർഡിന്റെ സേവുകളും എവർട്ടൻറെ ജയത്തിൽ നിർണായകമായി. 

ജയത്തോടെ എവർട്ടൻ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് താൽകാലികമായി രക്ഷപ്പെട്ടു. 51 പോയിന്‍റുള്ള യുണൈറ്റഡ് ഏഴാം സ്ഥാനത്താണിപ്പോൾ. എവർട്ടൻ പതിനേഴാം സ്ഥാനത്തും. 

ചെല്‍സിയുടെ ഗോളടിമേളം

പ്രീമിയർ ലീഗിൽ ചെൽസിയുടെ ഗോൾവർഷം. ചെൽസി എതിരില്ലാത്ത ആറ് ഗോളിന് സതാംപ്ടണെ തകർത്തു. മേസൺ മൗണ്ടിന്‍റെയും തിമോ വെർണറുടേയും ഇരട്ട ഗോൾ കരുത്തിലാണ് ചെൽസിയുടെ ശക്തമായ തിരിച്ചുവരവ്. മാർക്കോ അലോൻസോയും കായ് ഹാവെർട്‌സുമാണ് ചെൽസിയുടെ മറ്റ് സ്കോറർമാർ. 8, 16, 21, 31, 49, 59 മിനിറ്റുകളിലാണ് ചെൽസിയുടെ ഗോളുകൾ. സതാംപ്ടന്‍റെ മൈതാനത്ത് നേടിയ തകർപ്പൻ ജയം അടുത്തയാഴ്‌ച ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ ക്വാർട്ടറിനിറങ്ങുന്ന ചെൽസിക്ക് ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്. 30 കളിയിൽ 62 പോയിന്‍റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണിപ്പോള്‍ ചെൽസി. 

ആഴ്‌സണലിന് പത്താം തോല്‍വി

പ്രീമിയർ ലീഗിൽ ആഴ്‌സണലിന് തുടർച്ചയായ രണ്ടാം തോൽവി. ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് ഗോളിന് ആഴ്സണലിനെ തോല്‍പിച്ചു. ലിയാനൻഡ്രോ, എനോക്ക് എന്നിവരുടെ ഗോളുകൾക്കാണ് ബ്രൈറ്റൺ, ആഴ്‌സണലിനെ വീഴ്ത്തിയത്. കളി തീരുന്നതിന് തൊട്ടുമുൻപ് മാർട്ടിൻ ഒഡേഗാർഡ് ആഴ്സണലിന്‍റെ ആശ്വാസഗോൾ നേടി. പത്താം തോൽവി നേരിട്ട ആഴ്സണൽ 54 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണിപ്പോൾ. 

ടോട്ടനവും ഗോളടി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് തകർപ്പൻ ജയം. ടോട്ടനം എതിരില്ലാത്ത നാല് ഗോളിന് ആസ്റ്റൻ വില്ലയെ തോൽപിച്ചു. സോംഗ് ഹ്യൂംഗ് മിന്നിന്റെ ഹാട്രിക് കരുത്തിലാണ് ടോട്ടനത്തിന്റെ ജയം. 3, 66, 71 മിനിറ്റുകളിലായിരുന്നു മിന്നിന്റെ ഹാട്രിക് താരം. ഡെജൻ കുളുസെവ്സ്കിയാണ് ടോട്ടനത്തിന്റെ ഗോൾപട്ടിക തികച്ചത്. 57 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ ടോട്ടനം. 

നെയ്‌മറിനും എംബാപ്പെയ്‌ക്കും ഹാട്രിക്, ട്രിപ്പിള്‍ അസിസ്റ്റുമായി മെസി! ആറാടി പിഎസ്‌ജി; ലാലിഗയില്‍ റയലിന് ജയം