31 കളിയിൽ സിറ്റിക്ക് 74 പോയിന്‍റും ബ്രൈറ്റണ് 32 കളിയിൽ 40 പോയിന്‍റും ഉണ്ട്

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) മാഞ്ചസ്റ്റര്‍ സിറ്റി (Man City FC) ഇന്ന് സീസണിലെ 32-ാം റൗണ്ട് മത്സരത്തിന് ഇറങ്ങും. സ്വന്തം തട്ടകത്ത് നാളെ പുലര്‍ച്ചെ 12.30ന് തുടങ്ങുന്ന മത്സരത്തിൽ ബ്രൈറ്റൺ (Brighton) ആണ് എതിരാളികള്‍. 31 കളിയിൽ സിറ്റിക്ക് 74 പോയിന്‍റും ബ്രൈറ്റണ് 32 കളിയിൽ 40 പോയിന്‍റും ഉണ്ട്. ഇന്ന് ജയിച്ച് കിരീടപ്പോരാട്ടം കടുപ്പിക്കുകയാകും സിറ്റിയുടെ ലക്ഷ്യം. 

ഹാലന്‍ഡ് സിറ്റിയിലേക്കോ? പ്രതികരിക്കാതെ പെപ്

ബൊറൂസിയയുടെ സൂപ്പര്‍താരം ഏര്‍ലിംഗ് ഹാലന്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാതെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. അടുത്ത സീസണിൽ എന്ത് സംഭവിക്കുമെന്ന് പറയാറില്ല. ഭാവിയെ കുറിച്ച് സംസാരിക്കുന്ന പതിവ് തനിക്കില്ലെന്നും ഗ്വാര്‍ഡിയോള മാധ്യങ്ങളോട് പറഞ്ഞു. റയൽ മാഡ്രിഡും ശക്തമായി രംഗത്ത് ഉണ്ടെങ്കിലും ഹാലന്‍ഡ് സീസണിന് ഒടുവില്‍ സിറ്റിയിലേക്ക് മാറുമെന്ന സൂചനകള്‍ സജീവമാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നല മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് തോൽപിച്ച് ലിവർപൂള്‍ ഒന്നാമതെത്തി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് 4 ഗോളിന്‍റെ വ്യത്യാസത്തിൽ ആൻഫീൽഡിൽ തോൽക്കുന്നത്. അഞ്ചാം മിനുട്ടിൽ ലൂയിസ് ഡയസാണ് ലിവർപൂളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 22-ാം മിനുട്ടിൽ സൂപ്പർ താരം മുഹമ്മദ് സലാ ലിവർപൂളിന്‍റെ ലീഡുയർത്തി. 68-ാം മിനുട്ടിൽ സാദിയോ മനേയും ഗോൾ നേടി. കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ സലായുടെ രണ്ടാം ഗോളും വീണതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തകർന്നു. 

വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്‍റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ചാണ് സിറ്റി 74 പോയിന്‍റുമായി രണ്ടാമതാണ് നില്‍ക്കുന്നത്. 

EPL : ഇപിഎല്‍ ചരിത്രത്തിലാദ്യം; ആൻഫീൽഡിൽ ലിവര്‍പൂളിനോട് നാല് ഗോളിന് തോറ്റ് യുണൈറ്റഡ്