നീണ്ട 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആഴ്‌സണൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബോൺമൗത്തിനോട് സമനില വഴങ്ങിയതോടെയാണ് ഒരു മത്സരം ശേഷിക്കെ ഗണ്ണേഴ്‌സ് ചാമ്പ്യന്മാരായത്. കിരീട നഷ്‌ടത്തിന് പിന്നാലെ സിറ്റി പരിശീലകൻ പെപ്പ് ഗ്വാർഡിയോള ക്ലബ് വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ആഴ്‌സണല്‍: നീണ്ട 22 വർഷത്തെ കാത്തിരിപ്പിനുശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും ആഴ്‌സണലിന്‍റെ കിരീടമുത്തം. നിർണായക മത്സരത്തിൽ ബോൺമൗത്തിനോട് മാഞ്ചസ്റ്റർ സിറ്റി സമനില വഴങ്ങിയതോടെയാണ് ഒരുമത്സരം ബാക്കിനിൽക്കേ ആഴ്‌സണൽ ചാമ്പ്യന്മാരായത്. ഇന്നലെ നടന്ന മത്സരത്തിൽ സിറ്റിക്ക് ജയം സാധ്യമാവാതെ വന്നതോടെ ആഴ്‌സണൽ നാല് പോയിന്റ് മുന്നിലെത്തി. 82 പോയിന്‍റോടെ ഗണ്ണേഴ്‌സ് ഒന്നാമതും 78 പോയിന്‍റോടെ സിറ്റി രണ്ടാമതുമാണ്. ഒരു മത്സരം ശേഷിക്കേ സിറ്റി ജയിച്ചാലും കിരീടത്തിലെത്താനാവില്ല.

Add Asianetnews as a Preferred SourcegooglePreferred

ഗണ്ണേഴ്‌സ് ആരാധകരുടെ നീണ്ട കാത്തിരിപ്പിന് സന്തോഷ വിരാമം

കിരീടത്തിലേക്ക് ചുവടുറപ്പിക്കാൻ ഇറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ബോൺമൗത്തിനെതിരേ സമനിലകൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. എലി ജൂനിയർ ക്രൂപ്പിയുടെ ഗോളിൽ ബോൺമൗത്താണ് ആദ്യം മുന്നിലെത്തിയത്. 94-മിനിറ്റിൽ എർലിങ് ഹാളണ്ട് സമനില ഗോൾ നേടി ടീമിന്‍റെ തോൽവി ഒഴിവാക്കി. കഴിഞ്ഞ മൂന്നുവർഷമായി റണ്ണേഴ്‌സ് അപ്പായി ഒതുങ്ങേണ്ടിവന്ന ആഴ്‌സണലിന് കിരീടം ഇതോടെ ഉറപ്പിക്കാനായി. 2023-ലും 2024-ലും മാഞ്ചെസ്റ്റർ സിറ്റിയോടും കഴിഞ്ഞ വർഷം ലിവർപൂളിനോടും നേരിയ വ്യത്യാസത്തിലാണ് കിരീടം ഗണ്ണേഴ്‌സിന് നഷ്‌ടപ്പെട്ടിരുന്നത്.

ഇനി ലക്ഷ്യം യൂറോപ്യന്‍ ചാമ്പ്യന്‍മാരാവുക

2004-നുശേഷം നീണ്ട 22 വർഷങ്ങൾക്കുശേഷമാണ് ആഴ്‌സണൽ പ്രീമിയർ ലീഗ് കിരീടം നേടുന്നത്. മാനേജര്‍ മൈക്കൽ അർട്ടേറ്റയുടെ കീഴിൽ മികച്ച പ്രകടനമാണ് ടീം കാഴ്‌ചവെച്ചത്. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയതും ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ ക്ലീൻഷീറ്റ് നിലനിർത്തിയതും ആഴ്‌സണലാണ്. ക്രിസ്റ്റൽ പാലസിനെതിരെയാണ് ലീഗിലെ ടീമിന്റെ ശേഷിക്കുന്ന മത്സരം. മെയ് 30-ന് പിഎസ്‌ജിക്കെതിരേ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽകൂടി കിരീടം നേടുകയാണ് അർട്ടേറ്റയുടേയും സംഘത്തിന്‍റെയും ലക്ഷ്യം

പെപ്പ് സിറ്റിയുടെ പടിയിറങ്ങും

കിരീട നഷ്‌ടത്തിന് പിന്നാലെ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാഡിയോള പടിയിറങ്ങിയേക്കും. ഈ സീസൺ അവസാനത്തോടെയാണ് ഗ്വാർഡിയോള സിറ്റിയുടെ പടിയിറങ്ങുക. ഒരുവർഷ കരാർ ശേഷിക്കേയാണ് ഗ്വാർഡിയോള സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. 2016 ഫെബ്രുവരിയിൽ മാനവുൽ പെലഗ്രീനിക്ക് പകരമാണ് ഗ്വാർഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ചായത്. ഇതിന് ശേഷം ചാമ്പ്യൻസ് ലീഗ്, ആറ് പ്രീമിയർ ലീഗ്, മൂന്ന് എഫ് എ കപ്പ്, അഞ്ച് ലീഗ് കപ്പ്, മൂന്ന് കമ്മ്യൂണിറ്റി ഷീല്‍ഡ്, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ ഗ്വാർഡിയോള സിറ്റിയുടെ ഷെൽഫിൽ എത്തിച്ചു. പ്രീമിയർ ലീഗിൽ തുടരേ നാല് കിരീടം നേടിയ സിറ്റി 2022-23 സീസണിൽ ഹാട്രിക് കിരീടവും സ്വന്തമാക്കി.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News