തന്റെ കരിയറിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ട ശരീരത്തെ തോല്‍പ്പിച്ച് അയാള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു
ഓരോ ലോകകപ്പ് അടുക്കുമ്പോഴും അങ്ങനെയൊരു ദിനമുണ്ടാകും, ഭിത്തിയില്‍ തൂക്കിവെച്ച റേഡിയോയിലെ ഫ്രീക്വൻസി ചിട്ടപ്പെടുത്തി ആ ജനത കാതോര്‍ക്കുമായിരുന്നു അന്നെല്ലാം. എന്തിനായിരുന്നു അത്, എഡ്‌സണ്‍ ആരാന്റസ് ഡോ നാസിമെന്റൊ എന്ന പേര് കേള്‍ക്കാൻ മാത്രം. അപ്പോള്‍ സാവോ പോളോയുടെ തെരുവുകള്‍ ഉണരും, വേരുകള്‍ പോലെ പടര്‍ന്ന് കിടക്കുന്ന വീധികളില്‍ സാമ്പ താളം മുഴങ്ങും. വിശപ്പും ദുഖവും മറന്ന് അവര്‍ ആനന്ദിക്കും...

തന്റെ മണ്ണ് മയക്കുമരുന്നിന്റേയും ആയുധങ്ങളുടേയും മാത്രമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ലോകത്തിന് മുൻപില്‍ അയാള്‍ പന്തുകൊണ്ടൊരു വിപ്ലവം തീര്‍ത്തു, ജിംഗ. അതായിരുന്നു ലഹരി. വിശ്വവേദിയില്‍ കാനറികളുടെ ചിറകടികള്‍ പലകുറി മുഴങ്ങിയപ്പോള്‍ അയാളോരു രാജാവായി, രാജ്യത്തിന്റെ നിധിയായി...പെലെ...സുവര്‍ണകാലം.
പ്രതീക്ഷയറ്റ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരിക്കല്‍ക്കൂടി ആ ജനത ഒരു പേരിനായി കാത്തിരുന്നു, റിയോ ഡി ജനീറോയിലേക്ക് ഒരു രാജ്യത്തിന്റെ മുഴുവൻ കണ്ണുകളും, ലോകത്തിന്റേയും.
കാര്‍ലോ ആൻസലോട്ടി തന്റെ മുന്നേറ്റനിരയുടെ പേരുകള്‍ പ്രഖ്യാപിക്കുകയാണ്, മാത്തയോസ് കൂന്യയ്ക്ക് ശേഷം ആ പേര് ആൻസലോട്ടി ഉരുവിട്ടു, മുഴുവിപ്പിക്കും മുൻപ് ആൻസലോട്ടിയുടെ ശബ്ദത്തെ അടുത്ത നിമിഷം ഹര്‍ഷാരവങ്ങള്‍ വിഴുങ്ങി.
തന്റെ കരിയറിനെ നിലയില്ലാക്കയത്തിലേക്ക് തള്ളിവിട്ട ശരീരത്തെ തോല്‍പ്പിച്ച് അയാള്‍ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നു. രാജവാകാൻ കഴിയാതെ പോയ രാജകുമാരന്, ഫുട്ബോളിന്റെ സുല്‍ത്താന്, കാലം ഒരു അവസരം ഒരുക്കിയിരിക്കുന്നു. അമേരിക്കൻ ഐക്യനാടുകളില്‍ ഉരുളുന്ന പന്തിന് പുറകെ ലോകം പായുമ്പോള്‍, ആ മൈതാനങ്ങളില്‍ മിശിഹായ്ക്കും എല്‍ ബിച്ചോയ്ക്കും ഒപ്പം അയാളും. നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍.
ഒന്നും എളുപ്പമായിരുന്നില്ല നെയ്‌മറിന്. ബ്രസീലിയൻ ഫുട്ബോളിന്റെ വിളനിലമായ സാന്റോസില്‍ നിന്ന് ലോകത്തിന്റെ നെറുകയിലെത്തുമ്പോഴും ശേഷവുമെല്ലാം നിര്‍ഭാഗ്യവാനെന്ന വിശേഷണം വേട്ടയാടപ്പെട്ടുകൊണ്ടേയിരുന്നു. നെയ്‌മര്‍ വീണുപോയ ഓരോ നിമിഷവും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഫുട്ബോള്‍ ആരാധകരുണ്ടാകില്ല.
2014ല്‍ മാറക്കാനയില്‍ ബ്രസീലിന്റെ ആറാം ലോകകപ്പ് ഉയര്‍ത്താൻ നിയോഗിക്കപ്പെട്ടവനായിരുന്നു നെയ്മര്‍. പക്ഷേ, എൻസ്റ്റാഡിയോ കാസ്റ്റലോയില്‍ കൊളംബിയൻ താരം ജുവാൻ കാമിലോയുടെ കാല്‍മുട്ട് ബ്രസീലുകാരുടെ സ്വപ്നത്തെ തകര്‍ത്തെറിയുകയായിരുന്നല്ലോ. ശേഷം, ആ രാജ്യത്തെ മുഴുവൻ മരണമൂകതയിലേക്ക് ജര്‍മനി തള്ളിവിടുമ്പോള്‍ കാഴ്ചക്കാരൻ ആയിരിക്കാൻ മാത്രമായിരുന്നു നെയ്മറിന് സാധിച്ചത്.
പരിക്കിനെ ക്ഷണിച്ചുവരുത്തുന്ന ഡ്രിബിളിങ്ങ് ശൈലി, അതായിരുന്നു നെയ്മറിന് എക്കാലവും തിരിച്ചടിയായത്. ഫുട്ബോള്‍ പണ്ഡിറ്റുകള്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. ഒപ്പം, ജീവിതശൈലി അയാളിലെ പ്രതിഭയുടെ വളര്‍ച്ചയ്ക്ക് വിലങ്ങിട്ടു. പക്ഷേ, കാല്‍പ്പന്തില്‍ കവിതയെഴുതുന്ന നെയ്മറിന്റെ വൈഭവം ക്യാമ്പ് നൗവും സ്വപ്നനഗരമായ പാരീസുമെല്ലാം കണ്ടു. ഇക്കാലയളവിലെല്ലാം പരിക്ക് മൂലം നഷ്ടപ്പെട്ട് പോയ ദിവസങ്ങള്‍ എണ്ണത്തിട്ടപ്പെടുത്താവുന്നതിലും ഏറെയാണ്. അറേബ്യൻ നാട്ടിലേക്കുള്ള കൂടുമാറ്റത്തിലും അത് ഒഴിവാക്കാനായില്ല.
ഒടുവില്‍ തന്റെ വളര്‍ച്ചയ്ക്ക് ആധാരമായ സാന്റോസിന്റെ മുറ്റത്തേക്ക് തന്നെ മടങ്ങിപ്പോയി. ലക്ഷ്യം ഒന്നുമാത്രമായിരുന്നു 2026 ലോകകപ്പ്. 2024-25 സീസണില്‍ 30 മത്സരങ്ങളില്‍ നിന്ന് 11 ഗോളും നാല് അസിസ്റ്റും. നടപ്പുസീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും നാല് അസിസ്റ്റും. 2023ല്‍ സംഭവിച്ച എസിഎല്‍ ഇഞ്ചുറിക്ക് ശേഷം നെയ്മറിന്റെ തന്റെ ക്ഷമത പൂര്‍ണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. 2025ല്‍ ഒക്ടോബറില്‍ ഹാംസ്ട്രിങ് ഇഞ്ചുറി, ജനുവരിയില്‍ നീ ഇഞ്ചുറി, ഒരു മാസത്തിന് ശേഷമായിരുന്നു മടങ്ങിയെത്തിയത് പോലും.
നെയ്മറില്ലാത്ത ലോകകപ്പിന് ആരാധകര്‍ മാനസികമായി തയാറെടുക്കുക പോലും ചെയ്തിരുന്നു. കാരണം സാന്റോസിലെ നെയ്മറിന്റെ ദിനങ്ങള്‍ അത്ര ശോഭനമായിരുന്നില്ല. സഹതാരങ്ങള്‍ നെയ്മറിന് പന്ത് പോലും കൈമാറാൻ തയാറാകാതിരുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ ഈ സീസണില്‍ തന്നെ കണ്ടു. കരഞ്ഞുകൊണ്ട് നിരാശപ്പെടുന്ന നെയ്മര്‍ മൈതാനത്തെ സ്ഥിരം കാഴ്ചയായി. ഏറ്റവും ഒടുവിലായി സംഭവിച്ച സബ്സ്റ്റിറ്റ്യൂഷൻ വിവാദം പോലും. അതും ലോകകപ്പിനുള്ള സംഘത്തെ പ്രഖ്യാപിക്കുന്നതിന്റെ തൊട്ട് മുൻപുള്ള ദിവസം. ലീഗില്‍ തകര്‍ന്നടിയുന്ന സാന്റോസിനെ രക്ഷിക്കാനും കഴിയാതെ പോയി നെയ്മറിന്.
പക്ഷേ, ആൻസലോട്ടിക്ക് കീഴില്‍ ആദ്യമായി നെയ്മര്‍ ബ്രസീല്‍ സ്ക്വാഡില്‍ ഇടം പിടിച്ചു. മാര്‍ക്യു താരങ്ങളായ റോഡ്രിഗോയ്ക്കും റിച്ചാര്‍ലിസണും ആന്തണിക്കും എസ്റ്റാവോയ്ക്കുമെക്കോ പരിക്കേറ്റത് നെയ്മറിന്റെ യാത്ര എളുപ്പമാക്കിയെന്നും കരുതാം. കാല്‍പ്പന്തിനെ സ്നേഹിച്ചവര്‍ ആഗ്രഹിച്ച ആ നിമിഷം സംഭവിച്ചുകഴിഞ്ഞു. ഇനിയെല്ലാം ആ കാലുകളിലാണ്. ബ്രസീലിന്റെ പ്രതാപം തന്റെ അവസാന അവസരത്തില്‍ വീണ്ടെടുത്തുകൊടുക്കാൻ അവരുടെ സുല്‍ത്താന് കഴിയുമോയെന്നാണ് ആകാംഷ...ഒരിക്കല്‍ക്കൂടി ആ ജനതെ ആ ബൂട്ടുകളില്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്...


