ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളിനും ചെല്‍സിക്കും സമനില. മികച്ച ഫോമില്‍ കളിക്കുന്ന എവര്‍ട്ടണാണ് ലിവര്‍പൂളിനെ 2-2 സമനിലയില്‍ തളച്ചത്. ചെല്‍സിയാവട്ടെ സതാംപ്ടണുമായി 3-3ന് സമനിലയില്‍ പിരിഞ്ഞു. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ചെല്‍സി മുട്ടുക്കുത്തിയത്. 

എവര്‍ട്ടണെതിരെ മൂന്നാം മിനിറ്റില്‍ സാദിയോ മാനെയുടെ ഗോളിലൂടെ ലിവര്‍പൂള്‍ മുന്നിലെത്തി. എന്നാല്‍ 19ാം മിനിറ്റില്‍ മൈക്കല്‍ കീന്‍ എവര്‍ട്ടണിനായി ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ മുഹമ്മദ് സലാ ഒരിക്കല്‍കൂടി ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. എന്നാല്‍ ഡൊമിനിക് കാള്‍വര്‍ട്ട് ലെവിന്‍ എവര്‍ട്ടണ് സമനില ഗോള്‍ സമ്മാനിച്ചു. അവസാന നിമിഷം റിച്ചാര്‍ലിസണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയെങ്കിലും എവര്‍ട്ടണ്‍ സമനില കൊണ്ട് പിടിച്ചുനിന്നു.

സതാംപ്ടണിനെതിരെ 15, 28 മിനിറ്റുകളില്‍ തിമൊ വെര്‍ണര്‍ നേടിയ ഗോളില്‍ ചെല്‍സി മുന്നിലെത്തിയിരുന്നു. എന്നാല്‍ 43ാം മിനിറ്റില്‍ ഡാനി ഇങ്‌സിലൂടെ സതാംപ്ടണ്‍ ഒരു ഗോള്‍ മടക്കി. രണ്ടാം പകുതി ആരംഭിച്ച് 12 മിനിറ്റുകള്‍ക്കകം ചെ ആഡംസ് സതാംപ്ടണെ ഒപ്പമെത്തിച്ചു. എന്നാല്‍ രണ്ട് മിനിറ്റ് മാത്രമൊളളായിരുന്നു ആഘോഷം. 59ാം മിനിറ്റില്‍ കയ് ഹവേര്‍ട്ട്‌സിലൂടെ ചെല്‍സി ഒരിക്കല്‍കൂടി മുന്നിലെത്തി. ലാംപാര്‍ഡും സംഘവും ജയിക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി സമയത്ത് വഴങ്ങിയ ഗോള്‍ സതാംപ്ടണ് സമനില സമ്മാനിച്ചു. ജാനിക് വെസ്റ്റേര്‍ഗാര്‍ഡാണ് ഗോള്‍ നേടിയത്. 

അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ച എവര്‍ട്ടണ്‍ 13 പോയിന്റോടെ പട്ടികയില്‍ ഒന്നാമതാണ്. ഇത്രയും മത്സരങ്ങളില്‍ 10 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റുള്ള ചെല്‍സി ആറാം സ്ഥാനത്താണ്.