ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന്റെ ജൈത്രയാത്ര തുടരുന്നു. കിരീടത്തിലേക്ക് അടുക്കുന്ന ലിവർപൂൾ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സതാംപ്ടണെ തകർ‍ത്തു. മുഹമ്മദ് സലായുടെ ഇരട്ടഗോൾ മികവിലാണ് ലിവർപൂളിന്റെ ജയം. നാൽപ്പത്തിയേഴാം മിനിറ്റിൽ അലക്സ് ചേന്പർലെയ്നാണ് സ്കോറിംഗിന് തുടക്കമിട്ടത്.

അറുപതാം മിനിറ്റിൽ ജോർദാൻ ഹെൻഡേഴ്സൺ രണ്ടാം ഗോൾ നേടി. 71 , 90 മിനിറ്റുകളിലായിരുന്നു സലായുടെ ഗോളുകൾ. 25 കളിയിൽ 73 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്ന ലിവർപൂൾ ബഹുദൂരം മുന്നിലാണിപ്പോൾ. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് അൻപത്തിയൊന്ന് പോയിന്റേയുള്ളൂ.

ലീഗില്‍ ഈ സീസണില്‍ ക്ലോപ്പിന്‍റെ ടീം തോല്‍വിയറിഞ്ഞിട്ടില്ല. അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി, ലെസ്റ്റർ സിറ്റി സൂപ്പര്‍ പോരാട്ടം സമനിലയിൽ അവസാനിച്ചു. ഇരുടീമും രണ്ടുഗോൾ വീതം നേടി. നാൽപ്പത്തിയാറാം മിനിറ്റിൽ അന്റോണിയോ റൂഡിഗറിലൂടെ ചെൽസിയാണ് ആദ്യംഗോൾ നേടിയത്. എട്ടുമിനിറ്റിനകം ഹാർവി ബാൺസ് ലെസ്റ്ററിനെ ഒപ്പമെത്തിച്ചു. തൊട്ടുപിന്നാലെ ബെൻ ചിൽവെല്ലിന്റെ ഗോളിലൂടെ ലെസ്റ്റർ മുന്നിലെത്തി.

എഴുപത്തിയൊന്നാം മിനിറ്റിൽ റൂഡിഗർ തന്റെ രണ്ടാം ഗോളിലൂടെ ചെൽസിയെ ഒപ്പമെത്തിച്ചു. ഇരുപത്തിയഞ്ച് കളിയിൽ 49 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലെസ്റ്റർ സിറ്റി. 41 പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്തും. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും, വോൾവ്സും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.