അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലും നോർവേയും ഇതുവരെ അഞ്ച് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല.

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ ഇന്ന് നോര്‍വെയെ നേരിടാനിറങ്ങുമ്പോള്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വിചിത്രമായ ഒരു റെക്കോർഡാണ്. ഫുട്ബോളില്‍ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കല്‍ പോലും തോല്‍പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോര്‍വെ. ലോകത്ത് മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വനേട്ടം. ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് ക്വാർട്ടറിലേക്ക് മുന്നേറാൻ ഉറച്ചാണ് കാർലോ ആഞ്ചലോട്ടിയുടെ പടയൊരുക്കം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്താരാഷ്ട്ര ഫുട്ബോളിൽ ബ്രസീലും നോർവേയും ഇതുവരെ അഞ്ച് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ട് മത്സരങ്ങളിൽ നോർവേ വിജയം സ്വന്തമാക്കി. ഇതിൽ ഏറ്റവും വലിയ പോരാട്ടം നടന്നത് 1998-ലെ ഫ്രാൻസ് ലോകകപ്പിലാണ്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ കെയ്‌റ്റിൽ റെക്ഡാലിന്‍റെ അവസാന നിമിഷ പെനൽറ്റി ഗോളിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോർവേ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. അതിനുശേഷം ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2006-ലെ സൗഹൃദ മത്സരത്തിലാണ് (സ്കോർ: 1-1).

ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ബ്രസീൽ പൂർണ ആത്മവിശ്വാസത്തിലാണ്. വിനീഷ്യസ് ജൂനിയർ ടൂർണമെന്‍റിലെ മികച്ച ഫോമിൽ തുടരുമ്പോൾ, ബ്രസീലിയൻ ആരാധകർ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം പരിശീലകൻ കാർലോ ആഞ്ചലോട്ടി നടത്തിക്കഴിഞ്ഞു. നെയ്മർ ഇപ്പോൾ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞു. പ്രീക്വാർട്ടറിൽ 90 മിനിറ്റും കളിക്കാൻ അവൻ സജ്ജനാണെന്നായിരുന്നു ആഞ്ചലോട്ടിയുടെ വാക്കുകള്‍. ഗ്രൂപ്പ് ഘട്ടത്തിൽ പരിക്കിന്‍റെ ആശങ്കകൾ കാരണം കൃത്യമായി വിശ്രമം അനുവദിച്ച് സംരക്ഷിച്ച 34-കാരനായ നെയ്മർ, നോക്കൗട്ടിൽ കളം നിറയുമെന്നത് ബ്രസീലിന് നൽകുന്ന ഊർജ്ജം ചെറുതല്ല.

നോർവേയോടുള്ള വ്യക്തിപരമായ റെക്കോർഡ് മാത്രമല്ല ബ്രസീലിനെ അലട്ടുന്നത്. മറ്റൊരു കനത്ത ശാപം കൂടിയുണ്ട് ആഞ്ചലോട്ടിക്കും സംഘത്തിനും മറികടക്കാൻ. 2002 ലോകകപ്പ് ഫൈനലിൽ ജർമ്മനിയെ തോൽപ്പിച്ചതിന് ശേഷം, കഴിഞ്ഞ 24 വർഷമായി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടങ്ങളിൽ ഒരു യൂറോപ്യൻ ടീമിനെപ്പോലും തോൽപ്പിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറ് ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീൽ പുറത്തായത്. അതുകൊണ്ട് തന്നെ നോർവേയ്‌ക്കെതിരായ വിജയം ബ്രസീലിന് ഒരേസമയം രണ്ട് വലിയ നാണക്കേടുകൾ മാറ്റാനുള്ള സുവർണ്ണാവസരമാണ്.

28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞ് ഹാലണ്ടും സംഘവും

നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നോർവേ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇറാഖ്, സെനഗൽ എന്നീ ടീമുകളെ അനായാസം തോൽപ്പിച്ചാണ് അവർ നോക്കൗട്ടിലെത്തിയത്. യോഗ്യത നേരത്തെ ഉറപ്പാക്കിയതിനാൽ ഫ്രാൻസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സൂപ്പർ താരം എർലിങ് ഹാലണ്ട്, മാർട്ടിൻ ഒഡെഗാർഡ് എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്ക് കോച്ച് വിശ്രമം നൽകിയിരുന്നു. പൂർണ്ണ ഉന്മേഷത്തോടെ എത്തുന്ന എർലിങ് ഹാലണ്ടിന് ബ്രസീലിനെതിരെയുള്ള നോർവേയുടെ അപരാജിത റെക്കോർഡ് തുടരാൻ കഴിഞ്ഞാൽ അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഥയായി മാറും. തലമുറകളായി ബ്രസീലിയൻ സൂപ്പർ താരങ്ങൾക്ക് തകർക്കാൻ കഴിയാത്ത ആ പ്രതിരോധക്കോട്ട നെയ്മറും വിനീഷ്യസും ചേർന്ന് തകർക്കുമോ അതോ ഹാലണ്ടിന്‍റെ നോർവേ ചരിത്രം ആവർത്തിക്കുമോ എന്ന് ഇന്നറിയാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക