പരാഗ്വേ താരങ്ങൾ പന്തിനെയല്ല, എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യം വെച്ചത്. എന്‍റെ നായകനെ അവർ ചവിട്ടിവീഴ്ത്തുമെന്നും കരിയർ തന്നെ അവസാനിപ്പിക്കുമെന്നും ഞാൻ കളിയിലുടനീളം ഭയപ്പെട്ടിരുന്നു.

ഫിലാഡൽഫിയ: ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ പ്രീ ക്വാര്‍ട്ടർ പോരാട്ടത്തിലെ പരാഗ്വേ താരങ്ങളുടെ പരുക്കൻ അടവുകൾക്കെതിരെ പൊട്ടിത്തെറിച്ച് ഫ്രാന്‍സ് കോച്ച് ദിദിയ‍ർ ദെഷാം. മത്സരത്തിൽ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന് വിജയിച്ച് ക്വാർട്ടറിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാല്‍ മത്സരത്തിനിടെയുണ്ടായ തർക്കങ്ങളെത്തുടർന്ന് മത്സരശേഷം പരാഗ്വേ ഗോൾകീപ്പർക്ക് കൈ കൊടുക്കാൻ പോലും ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ തയ്യാറായിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരത്തിലുടനീളം പരാഗ്വേ താരങ്ങൾ എംബാപ്പെയെ ലക്ഷ്യമിട്ട് നടത്തിയ കടുത്ത ടാക്ലിംഗുകൾ ഫ്രഞ്ച് ക്യാമ്പിൽ കനത്ത ആശങ്ക ഉണ്ടാക്കിയിരുന്നതായി കോച്ച് ദിദിയർ ദെഷാം മത്സരശേഷം പറഞ്ഞു. മത്സരശേഷം റഫറിക്കെതിരെയും പരാഗ്വേ ടീമിനെതിരെയും കടുത്ത വിമര്‍ശനമാണ് ദെഷാം ഉയര്‍ത്തിയത്. പരാഗ്വേ താരങ്ങൾ പന്തിനെയല്ല, എംബാപ്പെയുടെ കാലുകളെയാണ് ലക്ഷ്യം വെച്ചത്. എന്‍റെ നായകനെ അവർ ചവിട്ടിവീഴ്ത്തുമെന്നും കരിയർ തന്നെ അവസാനിപ്പിക്കുമെന്നും ഞാൻ കളിയിലുടനീളം ഭയപ്പെട്ടിരുന്നു.

Scroll to load tweet…

പരാഗ്വേ കളിക്കാർ ക്രൂരമായി ടാക്കിൾ ചെയ്തതോടെ പലതവണയാണ് എംബാപ്പെയെ നിലത്തു വീണത്. ഒടുവിൽ എംബാപ്പെക്ക് പരിക്കേൽക്കുമെന്ന് ഭയന്ന്, ടീമിലെ ഏറ്റവും ശരീരവലിപ്പമുള്ള രണ്ട് ഭീമന്മാരായ കളിക്കാരോട് എംബാപ്പെയ്ക്ക് ചുറ്റും കാവൽ നിൽക്കാൻ താൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ദെഷാം വെളിപ്പെടുത്തി.മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ടീമിലെ ഏറ്റവും വലിപ്പമുള്ള രണ്ട് കളിക്കാരോട് കിലിയന് ചുറ്റും പോയി നിൽക്കാൻ ഞാൻ ആവശ്യപ്പെട്ടു. കാരണം പരാഗ്വേ താരങ്ങൾ അവനെ വെട്ടി വീഴ്ത്താൻ നോക്കുകയായിരുന്നു. അവന് പരിക്കേൽക്കുമെന്ന് ഞാൻ അത്രയധികം ഭയന്നു.

Scroll to load tweet…

പരാഗ്വേ കളിക്കാർക്ക് നേരെ ഒരു കാർഡ് പോലും ഉയർത്താത്ത റഫറിയുടെ നിലപാടിനെ ദെഷാം നേരിട്ട് കുറ്റപ്പെടുത്തിയില്ലെങ്കിലും തന്‍റെ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ചു. ഞാൻ റഫറിയെ പരസ്യമായി വിമർശിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ മൈതാനത്ത് അത്രയധികം സംഭവങ്ങൾ നടന്നിട്ടും ഒടുവിൽ മൂന്ന് ബുക്കിംഗുകളുമായി (മഞ്ഞക്കാർഡ്) മത്സരം അവസാനിപ്പിക്കേണ്ടി വന്നത് ഞങ്ങളാണ്. എന്നിട്ടും ഞങ്ങൾ കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു- ദെഷാം പറഞ്ഞു. പരാഗ്വേയുടെ പ്രതിരോധ തന്ത്രങ്ങളെ കുറ്റപ്പെടുത്താൻ ഫ്രഞ്ച് കോച്ച് തയ്യാറായില്ല. ഏതൊരു ടീമിനും അവർക്ക് ഇഷ്ടമുള്ള ശൈലിയിൽ കളിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ ദെഷാം, എന്നാൽ മത്സരത്തിനിടയിൽ പരാഗ്വേ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അധിക്ഷേപങ്ങളും ചീത്തവിളികളും ഒഴിവാക്കാമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി. മത്സരത്തിനൊടുവിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരുന്നതാണ് ഭാഗ്യമെന്നും, തങ്ങൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി എന്നതുമാത്രമാണ് ഇപ്പോൾ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ ടീമിലെ പല കളിക്കാരും അവരുടെ ആദ്യ ലോകകപ്പാണ് കളിക്കുന്നതെന്നും പരാഗ്വായിക്കെതിരെയുള്ള ഈ കടുത്ത അനുഭവം അവർക്ക് ഭാവിയിൽ വലിയ ഗുണം ചെയ്യുമെന്നും ദെഷാം പ്രത്യാശ പ്രകടിപ്പിച്ചു.

Scroll to load tweet…

100 മിനിറ്റിലധികം നീണ്ടുനിന്ന മത്സരത്തിൽ ഇരുടീമിലെയും താരങ്ങൾ തമ്മിൽ പലതവണ വാക്കുതർക്കത്തിലും ഉന്തും തള്ളിലും ഏർപ്പെട്ടു. കളിയുടെ 70-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെയാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്. എന്നാൽ മത്സരത്തിന് ശേഷം പാരഗ്വായ് ഗോൾകീപ്പർ ഒർലാന്‍ഡോ ഗില്‍ എംബാപ്പെയുടെ അരികിലേക്ക് കൈ നൽകാൻ എത്തിയെങ്കിലും ഫ്രഞ്ച് നായകൻ അത് നിരസിച്ചു. കളിയിലുടനീളം പരാഗ്വേ ഗോളി എംബാപ്പെയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചതിലുള്ള ദേഷ്യമാണ് താരം പ്രകടിപ്പിച്ചത്.

അതേസമയം, മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ കടുത്ത വിമർശനമാണ് ഫുട്ബോൾ ലോകത്ത് നിന്നും ഉയരുന്നത്. പരാഗ്വേ താരങ്ങളുടെ കടുത്ത ഫൗളുകൾ പലതും കാർഡുകൾ നൽകാതെ റഫറി അവഗണിച്ചെന്നാണ് ഫ്രഞ്ച് ആരാധകരുടെ ആക്ഷേപം. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ റഫറി പൂർണ്ണ പരാജയമായിരുന്നെന്ന് കളി വിലയിരുത്തിയ പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും വിവാദങ്ങൾക്കും പരിക്കൻ അടവുകൾക്കും ഒടുവിൽ പരാഗ്വായിയെ മറികടന്ന് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ കരുത്തരായ മൊറോക്കോയാണ് ഫ്രാൻസിന്‍റെ എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക