ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്‍റിന്‍റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്‍ഗം അസിസ്റ്റുകളുടെ എണ്ണമാണ്.

ഫിലാഡൽഫിയ: ലോകകപ്പിൽ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലേറ്റിക്കൊണ്ട് സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയും ലിയോണൽ മെസിയും തമ്മിലുള്ള ഗോൾഡൻ ബൂട്ട് പോരാട്ടം കനക്കുകയാണ്. നോക്കൗട്ടില്‍ പരാഗ്വെയ്‌ക്കെതിരെ നേടിയ മിന്നും ഗോളോടെ ടൂർണമെന്‍റിലെ ഗോൾ ബൂട്ടിനുള്ള പോരാട്ടത്തില്‍ ഫ്രാൻസിന്‍റെ ക്യാപ്റ്റൻ കൂടിയായ എംബാപ്പെ മെസിയെ മറികടന്നു ഒന്നാമതെത്തി. നിലവിൽ ഇരുവർക്കും 7 ഗോളുകൾ വീതമാണുള്ളത്. എന്നാൽ, ഗോൾഡൻ ബൂട്ട് പട്ടിക പരിശോധിക്കുമ്പോൾ ലിയോണൽ മെസിക്ക് മുകളിലാണ് എംബാപ്പെയുടെ സ്ഥാനം. ഇരുവരും 7 ഗോളുകള്‍ നേടിയിട്ടും എംബാപ്പെ എങ്ങനെ മെസിക്ക് മുന്നിലെത്തി എന്നാണ് ആരാധകരുടെ സംശയം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫിഫ ലോകകപ്പ് നിയമാവലി അനുസരിച്ച്, ടൂർണമെന്‍റിന്‍റെ അവസാനം രണ്ടോ അതിലധികമോ കളിക്കാർ തുല്യ ഗോളുകളുമായി ഒപ്പത്തിനൊപ്പം എത്തിയാൽ, ഒന്നാം സ്ഥാനക്കാരനെ കണ്ടെത്താനുള്ള ആദ്യ മാര്‍ഗം അസിസ്റ്റുകളുടെ എണ്ണമാണ്. അതായത് സഹതാരങ്ങൾക്ക് ഗോൾ അടിക്കാൻ എത്ര തവണ കൃത്യമായി പന്ത് കൈമാറി എന്നത് ഇവിടെ നിർണായകമാകും. നിലവിലെ കണക്കുകൾ അനുസരിച്ച് എംബാപ്പെ 7 ഗോളുകൾ അടിച്ചതിനൊപ്പം 2 അസിസ്റ്റുകളും നല്‍കിയിട്ടുണ്ട്.

മെസി 7 ഗോളുകൾ നേടിയെങ്കിലും ഈ ലോകകപ്പില്‍ ഒരു അസിസ്റ്റ് പോലുമില്ല. 7 ഗോളുകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റുകൾ കൂടി ഉള്ളതിനാലാണ് മെസിയെ മറികടന്ന് എംബാപ്പെ ഗോൾഡൻ ബൂട്ട് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തിയത്. മുൻപ് 2010 ലോകകപ്പിലും ഇതേ അസിസ്റ്റ് നിയമം വഴിയാണ് തോമസ് മുള്ളർ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. അന്ന് മുള്ളർ ഉൾപ്പെടെ നാല് താരങ്ങൾ 5 ഗോളുകൾ വീതം നേടിയിരുന്നെങ്കിലും കൂടുതൽ അസിസ്റ്റുകൾ മുള്ളർക്കായിരുന്നു.

അടിച്ച ഗോളുകളുടെ എണ്ണവും അസിസ്റ്റുകളുടെ എണ്ണവും ഒരുപോലെയാണെങ്കിൽ ഫിഫ അടുത്തതായി പരിഗണിക്കുക ഗ്രൗണ്ടില്‍ ചിലവഴിച്ച ആകെ മിനിറ്റുകളാണ്. ഏറ്റവും കുറഞ്ഞ സമയം കളിച്ച് കൂടുതൽ ഗോളുകൾ നേടിയ കളിക്കാരന് (കൂടുതൽ സ്കോറിങ് കാര്യക്ഷമതയുള്ളയാൾക്ക്) മുൻഗണന ലഭിക്കും. കഴിഞ്ഞ ദിവസം കേപ് വെർദെയ്‌ക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ 20 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് മെസി സ്വന്തമാക്കിയിരുന്നു. എന്നാൽ പരാഗ്വെയ്‌ക്കെതിരായ ഗോളോടെ ലോകകപ്പിൽ തന്‍റെ 19-ാം ഗോൾ കുറിച്ച എംബാപ്പെ മെസിയുടെ റെക്കോർഡിന് തൊട്ടു പിന്നിലുണ്ട്. കൂടാതെ, തുടർച്ചയായ രണ്ട് ലോകകപ്പ് പതിപ്പുകളിൽ 7 ഗോളുകളെങ്കിലും നേടുന്ന ചരിത്രത്തിലെ ആദ്യ താരങ്ങളായും മെസിയും എംബാപ്പെയും മാറി. ലോകകപ്പിൽ റൗണ്ട് ഓഫ് 16 മത്സരങ്ങൾ പുരോഗമിക്കുന്നതേയുള്ളൂ എന്നതിനാൽ ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ പോരാട്ടങ്ങൾ കഴിയുമ്പോൾ ഗോൾഡൻ ബൂട്ട് റേസ് ഇനിയും മാറിമറിയാം. ക്വാർട്ടർ ഫൈനലിൽ ശക്തരായ മൊറോക്കോയാണ് ഫ്രാൻസിന്‍റെ എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക