കഴിഞ്ഞ സീസണില്‍ ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്ക് (Sergio Aguero) പകരക്കാരനായാണ് സിറ്റി ഹാലന്‍ഡിനെ ടീമില്‍ എത്തിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് ബൊറൂസ്യ ഡോര്‍ട്ടുമുണ്ടിലെത്തിയ ഹാലന്‍ഡ് ക്ലബിനായി 88 കളിയില്‍ നിന്ന് 85 ഗോള്‍ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം എര്‍ലിംഗ് ഹാലന്‍ഡ് (Erling Haaland) മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് (Manchester City). ഹാലന്‍ഡും സിറ്റിയും ധാരണയിലെത്തി. ജര്‍മ്മന്‍ ലീഗില്‍ ബൊറൂസ്യയയുടെ അവസാന മത്സരം ശനിയാഴ്ചയാണ്. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ടീം വിടുകയാണെന്ന് ഹാലന്‍ഡ് ബൊറൂസ്യയെ അറിയിച്ചു. വിടുതല്‍ തുകയായ 75 ദശലക്ഷം യൂറോ നല്‍കിയാണ് ഹാലന്‍ഡിനെ സിറ്റി സ്വന്തമാക്കുന്നത്. 

കഴിഞ്ഞ സീസണില്‍ ടീം വിട്ട സെര്‍ജിയോ അഗ്യൂറോയ്ക്ക് (Sergio Aguero) പകരക്കാരനായാണ് സിറ്റി ഹാലന്‍ഡിനെ ടീമില്‍ എത്തിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് ബൊറൂസ്യ ഡോര്‍ട്ടുമുണ്ടിലെത്തിയ ഹാലന്‍ഡ് ക്ലബിനായി 88 കളിയില്‍ നിന്ന് 85 ഗോള്‍ നേടിയിട്ടുണ്ട്.

അതേസമയം, ചാംപ്യന്‍സ് ലീഗ് കിരീടം നേടാനല്ല മാഞ്ചസ്റ്റര്‍ സിറ്റി തന്നെ പരിശീലകനായി നിയമിച്ചതെന്ന് പെപ് ഗാര്‍ഡിയോള പറഞ്ഞു. പ്രീമിയര്‍ ലീഗ് കിരീടം നിലനിര്‍ത്തുകയാണ് ഇപ്പോള്‍ തന്റെ ലക്ഷ്യമെന്നും ഗാര്‍ഡിയോള പറഞ്ഞു. യുവേഫ ചാംപ്യന്‍സ് ലീഗ് സെമിഫൈനലില്‍ അവിശ്വസനീയമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ തോല്‍വി. 

90 മിനിറ്റ് പിന്നിടുന്‌പോഴും രണ്ട് ഗോളിന് മുന്നിലായിരുന്നു സിറ്റി. റയല്‍ മാഡ്രിഡിന്റെ ഐതിഹാസിക തിരിച്ചുവരവില്‍ സിറ്റിക്ക് അടിതെറ്റി. കഴിഞ്ഞ സീസണില്‍ ഫൈനലിലും ഇത്തവണ സെമിയിലും പുറത്തായതോടെ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയ്‌ക്കെതിരെ പലതരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിനാണിപ്പോള്‍ ഗാര്‍ഡിയോള മറുപടി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞ സീസണിലെ ഫൈനലില്‍ ചെല്‍സിയോടും ഇത്തവണത്തെ സെമിയില്‍ റയലിനോടും തോറ്റതുകൊണ്ട് സിറ്റി മോശം ടീമാവുന്നില്ലന്നും ഗാര്‍ഡിയോള പറഞ്ഞു. ചാംപ്യന്‍സ് ലീഗില്‍ ആദ്യ കിരീടത്തിനായി അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ പോരാടുമെന്നും താരങ്ങളുടെ പ്രകടനത്തില്‍ തൃപ്തനാണെന്നും ഗാര്‍ഡിയോള പറഞ്ഞു.