ലിവര്‍പൂള്‍ താരം ഹാര്‍വി എലിയറ്റിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്. 2019ല്‍ 16 വയസ്സും 30 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു എലിയറ്റിന്റെ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചരിത്രംകുറിച്ച് ആഴ്‌സണലിന്റെ പതിനഞ്ചുകാരന്‍ ഏഥന്‍ ന്വാനേരി. പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഏഥന്‍ സ്വന്തമാക്കിയത്. ബ്രെന്റ്‌ഫോര്‍ഡിനെതിരെ പകരക്കാരനായി ഇഞ്ചുറി ടൈമില്‍ കളത്തിലിറങ്ങുമ്പോള്‍ 15 വയസ്സും 181 ദിവസവുമാണ് ഏഥന്റെ പ്രായം. പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ആദ്യ 15കാരന്‍ കൂടിയാണ് ഏഥന്‍.

ഇതോടെ ലിവര്‍പൂള്‍ താരം ഹാര്‍വി എലിയറ്റിന്റെ റെക്കോര്‍ഡാണ് തകര്‍ന്നത്. 2019ല്‍ 16 വയസ്സും 30 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു എലിയറ്റിന്റെ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം. ആഴ്‌സണലിന്റെ അണ്ടര്‍ 18 ടീമിനായി നടത്തിയ പ്രകടനമാണ് കോച്ച് മികേല്‍ അര്‍ട്ടേറ്റയുടെ ശ്രദ്ധ ആകര്‍ഷിച്ചത്. ഇംഗ്ലണ്ടിന്റെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകളിലും ഏഥന്‍ കളിച്ചിട്ടുണ്ട്.

മത്സരം ആഴ്‌സണല്‍ ജയിച്ചിരുന്നു. ഏഴാം റൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രെന്റ്‌ഫോര്‍ഡിനെ തോല്‍പിച്ചു. ജയത്തോടെ 18 പോയിന്റുമായി ആഴ്‌സണല്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. വില്യം സാലിബ, ഗബ്രിയേല്‍ ജെസ്യൂസ്, ഫാബിയോ വിയേറ എന്നിവരാണ് ആഴ്‌സണലിന്റെ ഗോളുകള്‍ നേടിയത്. 

അതേസമയം, എവര്‍ട്ടന്‍ പ്രീമിയര്‍ ലീഗിലെ ആദ്യജയം സ്വന്തമാക്കി. ഒറ്റഗോളിന് വെസ്റ്റ് ഹാമിനെ തോല്‍പിച്ചു. അന്‍പതിമൂന്നാം മിനിറ്റില്‍ നീല്‍ മൗപേയാണ് നിര്‍ണായക ഗോള്‍ നേടിയത്. അവസാന നാല് കളിയിലും എവര്‍ട്ട സമനില വഴങ്ങിയിരുന്നു. ആദ്യ രണ്ട് കളിയില്‍ തോല്‍ക്കുകയും ചെയ്തു.

പ്രീമിയര്‍ ലീഗില്‍ ഏഴ് മത്സരങ്ങളില്‍ 17 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാമത്. ഇത്രയും തന്നെ പോയിന്റുള്ള ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്താണ്. ബ്രൈറ്റണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.