Asianet News MalayalamAsianet News Malayalam

മൊറേനൊ പെനാല്‍റ്റി തുലച്ചു; സ്‌പെയ്‌നിന് പോളണ്ടിന്റെ സമനിലപ്പൂട്ട്

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അല്‍വാരോ മൊറാട്ടയുടെ ഗോളിലൂടെ സ്‌പെയ്ന്‍ മുന്നിലെത്തി. എന്നാല്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്‌പെയ്‌നിനുള്ള മറുപടി നല്‍കി.

Euro 2020 Spain drew with Poland in Group E
Author
Sevilla, First Published Jun 20, 2021, 2:31 AM IST

സെവിയ്യ: യൂറോ കപ്പ് ഗ്രൂപ്പ് ഇയില്‍ മുന്‍ ചാംപ്യന്മാരായ സ്‌പെയ്‌നിന് തുടര്‍ച്ചയായ രണ്ടാം സമനില. ഇത്തവണ പോളണ്ടാണ് സ്പാനിഷ് പടയെ സമനിലയില്‍ പിടിച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. അല്‍വാരോ മൊറാട്ടയുടെ ഗോളിലൂടെ സ്‌പെയ്ന്‍ മുന്നിലെത്തി. എന്നാല്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി സ്‌പെയ്‌നിനുള്ള മറുപടി നല്‍കി. 

ആറാം മിനിറ്റില്‍ പോളിഷ് മുന്നേറ്റത്തോടെയാണ് മത്സരത്തിന് ചൂടുപിടിച്ചത്. 20 വാര അകലെ നിന്നും മതേവൂസ് ക്ലിച്ച് പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. സ്‌പെനയ്‌നിന്റെ പത്താം മിനിറ്റിലാണ് ആദ്യ ആക്രമണമുണ്ടായത്. ഇടത് വിംഗിലൂടെ പന്തുമായി വന്ന് പോളണ്ടിന്റെ ബോക്‌സിനടുത്തെത്തിയ ഡാനി ഓല്‍മോ വലങ്കാലുകൊണ്ട് തൊടുത്ത ഷോട്ട് പോളണ്ട് ഗോള്‍ കീപ്പര്‍ ഷെസ്‌നി അനായാസം കയ്യിലൊതുക്കി.

Euro 2020 Spain drew with Poland in Group E

43-ാം മിനിറ്റില്‍ പോളിഷ് ഫോര്‍വേര്‍ഡ് കരോല്‍ സ്വിഡേര്‍സ്‌കിയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി. റീബൗണ്ടില്‍ ലെവന്‍ഡോസ്‌കി ഷോട്ടുര്‍ത്തിയെങ്കിലും സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനൈ സിമോണിനെ മറികടക്കാനായില്ല. 54-ാം മിനിറ്റില്‍ പോളണ്ട് ഒപ്പമെത്തി. വലത് വിംഗിലൂടെ പന്തുമായെത്തിയ  കാമില്‍ ജോസ്വിയാക് ഫാര്‍ പോസ്റ്റില്‍ കാത്തുനില്‍ക്കുകയായിരുന്നു ലെവന്‍ഡോവ്‌സ്‌കിക്ക് ക്രോസ് ചെയ്തുകൊടുത്തു. സ്പാനിഷ് പ്രതിരോധതാരം ഐമറിക് ലാപോര്‍ട്ടയുടെയും മുകളിലൂടെ ഉയര്‍ന്നു ചാടിയ ലെവ ഹെഡ് ചെയ്ത് ഗോളാക്കി.

57-ാം മിനിറ്റില്‍ സ്‌പെയ്‌നിന് ലീഡുയര്‍ത്താനുളള സുവര്‍ണാവസരം. മൊറേനൊയെ ബോക്‌സില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. മൊറേനൊ തന്നെയെടുത്ത പെനാല്‍റ്റി പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ഡ മൊറാട്ടയ്ക്ക് ഗോള്‍ നേടാമായിരുന്നു. യുവന്റസ് സ്‌ട്രൈക്കറുടെ ഷോട്ടും പുറത്തേക്ക്.

25-ാം സ്‌പെയന്‍ ടൂര്‍ണമെന്റിലാദ്യമായി വലകുലുക്കി. അല്‍വാരോ മൊറാട്ടയാണ് വാറിന്റെ കൂടി സഹായത്തോടെ വല കുലുക്കിയത്. എന്നാല്‍ എടുത്തുപറയേണ്ടത് ജെറാര്‍ഡ് മൊറേനോയുടെ പാസായിരുന്നു. വലത് വിംഗിലൂടെ പന്തുമായി ബോക്‌സില്‍ കയറിയ മൊറേനൊ പ്രതിരോധത്തിനിടയിലൂടെ പന്തുനല്‍കി. കാലുവെച്ച മൊറാട്ടയ്ക്ക് ഇത്തവണ പിഴച്ചില്ല. റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും വാറിന്റെ സഹായത്തോടെ ഗോള്‍ നല്‍കി.

ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള സ്‌പെയ്ന്‍ രണ്ടാമതാണ്. ഒരു പോയിന്റുള്ള പോളണ്ട് നാലാമതും. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്ലോവാക്യയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ ടീമിന് പുറത്തേക്കുള്ള വഴി തെളിയും.

Follow Us:
Download App:
  • android
  • ios