സൗദി ക്ലബ് അൽ നസ്റിലെത്തിയ ശേഷം ദേശീയ ടീമിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ മത്സരമാണ് ഇന്ന്

ലിസ്‌‌ബണ്‍: യൂറോ കപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിൽ പോര്‍ച്ചുഗല്‍ ഇന്ന് ലീച്ചെൻസ്റ്റൈനെതിരെ ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്‍. ഫുട്ബോളിൽ മറ്റൊരു റെക്കോർഡ് കൂടി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഫുട്ബോൾ ചരിത്രത്തിൽ ദേശീയ ടീമിനായി ഏറ്റവുമധികം മത്സരങ്ങളെന്ന റെക്കോ‍ർഡാണ് റൊണാൾഡോയെ കാത്തിരിക്കുന്നത്. നിലവിൽ 196 മത്സരങ്ങളുമായി കുവൈത്തിന്‍റെ ബാദർ അൽ മുത്താവയുമായി റെക്കോ‍ർഡ് പങ്കിടുകയാണ് റൊണാൾഡോ. ഇന്ന് കളത്തിലിറങ്ങിയാൽ റെക്കോർഡ് സ്വന്തം പേരിലാക്കാം. 

സൗദി ക്ലബ് അൽ നസ്റിലെത്തിയ ശേഷം ദേശീയ ടീമിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ മത്സരമാണ് ഇന്ന്. 196 മത്സരങ്ങളിൽ 118 ഗോളുകൾ നേടിയ റൊണാൾഡോയാണ് രാജ്യാന്തര ഫുട്ബോളിലെ ഗോൾവേട്ടക്കാരിൽ മുന്നിലുള്ളത്. റെക്കോർഡുകൾ പ്രചോദനമാണെന്നും രാജ്യത്ത 196 മത്സരങ്ങളിൽ പ്രതിനിധീകരിക്കാനായത് അഭിമാനകരമെന്നും റോണോ പറഞ്ഞു.

പുതിയ കോച്ച് റോബർട്ടോ മാർട്ടിനസിന് കീഴിൽ പോർച്ചുഗൽ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ മുപ്പത്തിയെട്ടുകാരനായ റൊണാൾഡോ ആദ്യ ഇലവനില്‍ എത്തുമോ എന്ന ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിആര്‍7 ആരാധകര്‍. റൊണാള്‍ഡോ ടീമിലെ നേതാക്കളില്‍ ഒരാളാണ് എന്ന് മാര്‍ട്ടിനസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പ്രായം കണക്കാക്കുന്നില്ലെന്നും ദേശീയ ടീമിനായി പൂര്‍ണ അര്‍പ്പണബോധത്തോടെ കളിക്കുന്ന താരമാണ് റോണോ എന്നും അദേഹത്തിന് തന്‍റെ പരിചയസമ്പത്ത് മറ്റ് താരങ്ങള്‍ക്ക് കൈമാറാന്‍ കഴിയുമെന്നും ടീം പ്രഖ്യാപനവേളയില്‍ റോബർട്ടോ മാർട്ടിനസ് കൂട്ടിച്ചേര്‍ത്തിരുന്നു. പരിക്കേറ്റ വെറ്ററന്‍ പെപെ അവസാന നിമിഷം പിൻമാറിയെങ്കിലും യാവോ ഫെലിക്സ്, ബ്രൂണോ ഫെർണാണ്ടസ്, റാഫേൽ ലിയോ, ബെർണാ‍ർഡോ സിൽവ, റൂബെൻ നെവാസ് തുടങ്ങിയവർ പോർച്ചുഗലിന്‍റെ കരുത്താണ്. ഇന്ത്യന്‍സമയം രാത്രി ഒന്നേകാലിനാണ് മത്സരം തുടങ്ങുക.

യൂറോ കപ്പ് യോഗ്യതാ റൗണ്ട്: ഇറ്റലിയോട് കണക്കുതീര്‍ക്കാന്‍ ഇംഗ്ലണ്ട്, റോണോയുടെ പോര്‍ച്ചുഗലും കളത്തില്‍