കൊണ്ടുംകൊടുത്തുമുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മുപ്പത്തിയഞ്ചാം മിനിറ്റിൽ തുർക്കി മുന്നിലെത്തിയിരുന്നു

ബെർലിൻ: യൂറോ കപ്പ് ഫുട്ബോളില്‍ സെമി ഫൈനൽ ലൈനപ്പായി. അവസാന ക്വാർട്ടറിൽ തുർക്കിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ച് നെതർലൻഡ്സ് സെമിയിൽ സ്ഥാനംപിടിച്ചു. നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച് ഇംഗ്ലണ്ടും സെമിയിലെത്തിയിരുന്നു. സെമിയില്‍ ഫ്രാന്‍സിനെ സ്‌പെയിനും ഇംഗ്ലണ്ടിനെ നെതര്‍ലന്‍ഡ്‌സും നേരിടും. 

കളഞ്ഞുകുളിച്ച് തുര്‍ക്കി

കൊണ്ടുംകൊടുത്തുമുള്ള ക്വാര്‍ട്ടര്‍ പോരാട്ടത്തിന്‍റെ മുപ്പത്തിയഞ്ചാം മിനിറ്റിൽ തുർക്കി മുന്നിലെത്തിയിരുന്നു. സാമെത് അകായ്‌ദിനാണ് വലകുലുക്കിയത്. ഗോൾമടക്കാൻ നെതർലൻഡ്സും ലീഡ് ഉയർത്താൻ തുർക്കിയും പിന്നാലെ കിണഞ്ഞുപരിശ്രമിച്ചു. എഴുപതാം മിനിറ്റിൽ സ്റ്റെഫാന്‍ ഡി വ്രിജിലൂടെ നെതർലൻഡ്സ് ഒപ്പമെത്തി. ആറ് മിനിറ്റിനകം നെതർലൻഡ്സ് ലീഡ് പിടിച്ചു. ഗാക്പോയുടെ മെയ്ക്കരുത്തിൽ വീണുകിട്ടിയ ഗോളായിരുന്നു ഇത്. ഗോളിനായി തുർക്കി താരങ്ങൾ പരക്കംപാഞ്ഞപ്പോൾ നെതർലൻഡ്സിന്‍റെ രക്ഷകനായി ഗോളി വെർബ്രുഗൻ മാറി. അങ്ങനെ നീണ്ട ഇരുപത് വർഷത്തെ കാത്തിരിപ്പിന് ശേഷം നെതർലൻഡ്സ് യൂറോയുടെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. 2004ന് ശേഷം ആദ്യമായാണ് ഓറഞ്ച് പട സെമിയിലെത്തുന്നത്. 

ഒടുവില്‍ ഇംഗ്ലണ്ടും

അതേസമയം സ്വിറ്റ്സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് ഇംഗ്ലണ്ട് യൂറോയുടെ സെമി ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും ഓരോ ഗോൾ വീതം നേടി. ഇംഗ്ലണ്ടിനായി ബുകായോ സാക്കയും സ്വിറ്റ്‌സര്‍ലന്‍ഡിനായി ബ്രീല്‍ എംബോളോയും ഗോള്‍ നേടി. ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ച് ഗോളിനാണ് ഇംഗ്ലണ്ടിന്‍റെ ജയം. ആദ്യ കിക്കെടുത്ത മാനുവല്‍ അക്കാന്‍ജിക്ക് പിഴച്ചതാണ് സ്വിസിന് തിരിച്ചടിയായത്. അതേസമയം ഇംഗ്ലണ്ടിന്‍റെ കോള്‍ പാല്‍മര്‍, ജൂഡ് ബെല്ലിംഗ്ഹാം, ബുകായോ സാക്ക, ഇവാന്‍ ടോണി ട്രെന്‍റ് അലക്സാണ്ടർ എന്നിവര്‍ പന്ത് വലയിലെത്തിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ ആദ്യ യൂറോ സെമി മോഹമാണ് പൊലിഞ്ഞത്. 

Read more: ഷൂട്ടൗട്ട് ഭീതി മറികടന്ന് ഇം​ഗ്ലണ്ട്, സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ച് സെമിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം