ബാകു: യൂറോപ്പ ലീഗ് ചാമ്പ്യൻമാരെ ഇന്നറിയാം. ഇംഗ്ലീഷ് ഫൈനലിൽ ചെൽസി രാത്രി പന്ത്രണ്ടരയ്ക്ക് ആഴ്‌സണലിനെ നേരിടും. അസർബൈജാനിലെ ബാകു ഒളിംപിക് സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം. സെമിയിൽ ആഴ്‌സണൽ, വലൻസിയയെയും ചെൽസി, ഐൻട്രാക്ടിനെയുമാണ് തോൽപിച്ചത്.

യൂറോപ്പ ലീഗ് ചരിത്രത്തിൽ രണ്ടാം തവണയാണ് രണ്ട് ഇംഗ്ലീഷ് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ആഴ്‌സണല്‍ ഗോൾകീപ്പർ പീറ്റർ ചെക്കിന്‍റെ വിടവാങ്ങൽ മത്സരംകൂടിയാണിത്. ഇന്നത്തെ ഫൈനലോടെ ചെൽസിയുടെ മുൻതാരം കൂടിയായ ചെക്ക് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കും. 

ഇതിനിടെ ഫൈനലിന് മുൻപ് ചെൽസി ടീമിൽ പൊട്ടിത്തെറി. കോച്ച് മൗറീസിയോ സാറി പരിശീലനത്തിനിടെ ക്ഷുഭിതനായി ഗ്രൗണ്ട് വിട്ടു. സ്ട്രൈക്കർ ഗൊൺസാലോ ഹിഗ്വയ്‌നും ഡിഫൻഡർ ഡേവിഡ് ലൂയിസും തമ്മിലുണ്ടായ വാഗ്‌വാദത്തിന് പിന്നാലെയാണ് കോച്ച് പരിശീലനം ഉപേക്ഷിച്ച് മടങ്ങിയത്. യൂറോപ്പ ലീഗ് ഫൈനലിന് ശേഷം സാറിയെ ചെൽസി പുറത്താക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെയാണ് പുതിയ സംഭവം.