Asianet News MalayalamAsianet News Malayalam

യൂറോപ്യൻ സൂപ്പർ‍ ലീഗ്: വമ്പന്‍ ക്ലബുകള്‍ക്കെതിരെ യുവേഫ ഉടന്‍ നടപടിക്കില്ല

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അച്ചടക്കനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് യുവേഫ. 

European Super League UEFA freeze action against three clubs
Author
Nyon, First Published Jun 10, 2021, 11:02 AM IST

നിയോണ്‍: യൂറോപ്യൻ ഫുട്ബോളിൽ സൂപ്പർ ലീഗ് പ്രഖ്യാപിച്ച മൂന്ന് വമ്പൻ ക്ലബുകൾക്കെതിരായ നടപടി മരവിപ്പിച്ച് യുവേഫ. ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്‍റസ് ക്ലബുകൾക്കെതിരെ നടപടിയെടുക്കാനുള്ള നീക്കമാണ് നിര്‍ത്തിവച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അച്ചടക്കനടപടിയുമായി മുന്നോട്ടുപോകില്ലെന്ന് യുവേഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.

യുവേഫയെ വെല്ലുവിളിച്ച് യൂറോപ്പിലെ 12 വമ്പന്‍ ക്ലബുകളാണ് സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. മൂന്ന് ക്ലബുകൾ ഒഴികെയുള്ളവരെല്ലാം ആരാധകരുടെ പ്രതിഷേധവും യുവേഫ ഇടപെടലും കാരണം സൂപ്പർ ലീഗിൽ നിന്ന് പിൻവലിഞ്ഞിരുന്നു. എ സി മിലാന്‍, ഇന്‍റര്‍ മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകൾ ആണ് പിന്മാറിയത്. 

എന്നാല്‍ ടൂര്‍ണമെന്‍റ് നടത്താനുള്ള നീക്കവുമായി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്‍റസ് ക്ലബുകള്‍ മുന്നോട്ടുപോകുയായിരുന്നു. വിലക്ക് ഏർപ്പെടുത്തിയാൽ കോടതിയെ സമീപിക്കുമെന്ന് ബാഴ്‌സലോണ വ്യക്തമാക്കിയിരുന്നു. 

'ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയാൽ മാപ്പ് പറയാനോ പിഴ അടയ്‌ക്കാനോ ബാഴ്‌സലോണ തയ്യാറാവില്ല. ക്ലബ് കായിക തർക്ക പരിഹാര കോടതിയെ സമീപിക്കും. ക്ലബിന്റെ താൽപര്യത്തിന് വേണ്ടി പോരാടും, സുസ്ഥിരമായ ഒരു ഫുട്ബാൾ മാതൃക വികസിപ്പിക്കും' എന്നുമായിരുന്നു ബാഴ്‌സലോണ പ്രസിഡന്റ് യുവാൻ ലപ്പോർട്ടയുടെ മറുപടി. 

യൂറോപ്യൻ സൂപ്പർ‍ ലീഗ് പ്രഖ്യാപിച്ച ക്ലബുകൾ യുവേഫയുടെ നിയമങ്ങൾ ലംഘിച്ചുവെന്ന് അന്വേഷണ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവേഫ ക്ലബുകള്‍ക്കെതിരെ നടപടിക്ക് ഒരുങ്ങിയത്. വിഷയത്തില്‍ അനുനയത്തിന് ഫിഫ ശ്രമിച്ചെങ്കിലും ക്ലബുകള്‍ക്കെതിരായ നടപടിയില്‍ പിന്നോട്ടില്ല എന്ന് യുവേഫ നേരത്തെ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ക്ലബുകളെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കുന്നതടക്കമുള്ള നടപടി ഇപ്പോള്‍ വേണ്ട എന്നാണ് യുവേഫയുടെ പുതിയ നിലപാട്. 

കിരീടം നിലനിര്‍ത്താന്‍ ടിറ്റെയുടെ ബ്രസീല്‍; കോപ്പ അമേരിക്ക സ്‌ക്വാഡ് പ്രഖ്യാപിച്ചു

ബ്രൂണോയ്‌ക്ക് ഡബിള്‍, വമ്പന്‍ ജയവുമായി ഒരുങ്ങി പോര്‍ച്ചുഗല്‍; യൂറോ കപ്പിന് നാളെ കിക്കോഫ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios