1359 കോടിരൂപയാണ് നെയ്മാറിന്റെ വാർഷിക പ്രതിഫലം. പിഎസ്ജിക്ക് 817 കോടി രൂപ ട്രാൻസ്ഫർ തുക നൽകിയാണ് അൽ ഹിലാൽ നെയ്മറെ സ്വന്തമാക്കിയത്. 

റിയാദ്: യൂറോപ്യന്‍ ലീഗ് വിട്ട് സൗദി പ്രോ ലീഗിലേക്ക് വരാൻ കാരണം ക്രിസ്റ്റ്യാനൊ റൊണാൾ‍ഡോയാണെന്ന് തുറന്നു പറഞ്ഞ് അല്‍ ഹിലാല്‍ താരം നെയ്മർ ജൂനിയർ. പി എസ് ജിയിൽ നിന്ന് രണ്ടുവർഷ കരാറിലാണ് ബ്രസീലിയൻ താരം അൽ ഹിലാലിൽ എത്തിയത്. ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചാണ് നെയ്മർ മുപ്പത്തിയൊന്നാം വയസിൽ യൂറോപ്യന്‍ ഫുട്ബോളിന്‍റെ പളപളപ്പ് വിട്ട് സൗദി ക്ലബ്ബായ അൽ ഹിലാലിൽ എത്തിയത്.

ഈ തീരുമാനത്തിന് പിന്നിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വാധീനമാണെന്നാണ് നെയ്മർ പറയുന്നത്. ജനുവരിയിൽ റൊണാൾഡോ അൽ നസ്റുമായി കരാറിൽ എത്തിയപ്പോൾ ഭ്രാന്തൻ തീരുമാനം എന്നായിരുന്നു വിമർശനം. എന്നാല്‍ ചുരുങ്ങിയ നാളുകൾക്കുള്ളിൽ സൗദി ലീഗിനെ ലോകനിലവാരത്തിൽ എത്തിക്കാൻ റൊണാൾഡോയ്ക്ക് കഴിഞ്ഞു. ബെൻസേമയും ഫിർമിനോയും മാനേയും ഫാബീഞ്ഞോയുമെല്ലാം പ്രോ ലീഗിൽ എത്തിയത് ഇതിന് തെളിവാണ്. ഈ പാത പിന്തുടർന്നാണ് ഞാനും സൗദി ലീഗിൽ എത്തിയത്. അദ്ദേഹത്തിന്‍റെ സ്വാധീനം സൗദി ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കുമെന്നും അല്‍ ഹിലാലിന്‍റെ ഒഫീഷ്യല്‍ ചാനലില്‍ നെയ്മര്‍ പറഞ്ഞു.

Scroll to load tweet…

സൗദി പ്രൊ ലീഗ് രണ്ടും കല്‍പ്പിച്ചുതന്നെ, ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാന്‍ നീക്കം; യുവേഫ തീരുമാനം നിര്‍ണായകം

പി എസ് ജിയില്‍ ഒരു വര്‍ഷ കരാര്‍ ബാക്കിയിരിക്കെയാണ് നെയ്മര്‍ ക്ലബ്ബ് വിട്ട് റെക്കോര്‍ഡ് പ്രതിഫലത്തിന് സൗദി പ്രൊ ലീഗിലെത്തിയത്. ഇംഗ്ലീഷ് പ്രീമിയിര്‍ ലീഗിലേക്കോ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്കോ നെയ്മര്‍ കൂടുമാറുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു ബ്രസീല്‍ സൂപ്പര്‍ താരം അപ്രതീക്ഷിതമായി സൗദിയിലെത്തിയത്. അല്‍ ഹിലാല്‍ കുപ്പായത്തില്‍ നെയ്മര്‍ എപ്പോള്‍ അരങ്ങേറുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശനിയാഴ്ച എല്‍-ഫിയാഹക്കെതിരെ ആണ് സൗദി പ്രൊ ലീഗില്‍ അള്‍ ഹലിലാലിന്‍റെ അടുത്ത മത്സരം.