സതാംപ്ടന്‍: എഫ് എ കപ്പ് ഫുട്ബോളിൽ അഞ്ചാം റൗണ്ട് ലക്ഷ്യമിട്ട് ആഴ്‌സണൽ ഇന്നിറങ്ങും. വൈകിട്ട് അഞ്ചേമുക്കാലിന് തുടങ്ങുന്ന കളിയിൽ സതാംപ്ടനാണ് എതിരാളികൾ. സതാംപ്ടന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇരുടീമും അവസാനം ഏറ്റുമുട്ടിയ ഒൻപത് കളിയിൽ സതാംപ്ടൺ ഒരിക്കലേ ജയിച്ചിട്ടുള്ളൂ. 2018 ജനുവരിക്ക് ശേഷം എവേ മത്സരത്തിൽ ആഴ്സണൽ തോറ്റിട്ടില്ല. 

ഡിബ്രൂയിന് പരിക്ക്, സിറ്റിക്ക് തിരിച്ചടി

അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം വീണ്ടെടുക്കാൻ പൊരുതുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. പരിക്കേറ്റ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയിന് ആറാഴ്ച കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. വെസ്റ്റ് ബ്രോമിനെതിരായ മത്സരത്തിലാണ് 29കാരനായ ഡിബ്രൂയിന് പരിക്കേറ്റത്. കാലിലെ പേശികൾക്കാണ് പരിക്കേറ്റതെന്ന് കോച്ച് പെപ് ഗാർഡിയോള അറിയിച്ചു. 

ഇതോടെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഉൾപ്പടെ പത്തിലേറെ മത്സരങ്ങൾ താരത്തിന് നഷ്ടമാവും. അവസാന 16 കളിയിൽ തോൽവി അറിയാതെ മുന്നേറുന്ന സിറ്റിയുടെ പ്രധാന താരമാണ് പ്ലേ മേക്കറായ ഡിബ്രൂയിൻ. 

സിദാനില്ലാതെ റയല്‍ ഇറങ്ങുന്നു

ലാ ലിഗയില്‍ തുടർ തോൽവികൾക്ക് പിന്നാലെ റയൽ മാഡ്രിഡിന് മറ്റൊരു തിരിച്ചടി. കോച്ച് സിനദിൻ സിദാന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കിംഗ്സ് കപ്പ് മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് സിദാൻ കൊവിഡ് ബാധിതനാണെന്ന് വ്യക്തമായത്. അതിനിടെ ലാലിഗയിൽ റയൽ ഇന്ന് അലാവസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്കാണ് കളി തുടങ്ങുക. 

18 കളിയിൽ 37 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്താണിപ്പോൾ റയൽ മാഡ്രിഡ്. 17 കളിയിൽ 44 പോയിന്റുള്ള അത്‍ലറ്റിക്കോ മാഡ്രിഡാണ് ഒന്നാംസ്ഥാനത്ത്. 

ആരാധകര്‍ക്ക് വിജയസമ്മാനം തുടരുമോ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് എതിരാളികള്‍ ഗോവ