ആദ്യപകുതിയിൽ കിട്ടിയ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ക്രിസ്റ്റൽ പാലസിന് തിരിച്ചടിയായി

വെംബ്ലി: എഫ് എ കപ്പ് (FA Cup) ഫുട്ബോളിൽ ലിവർപൂൾ-ചെൽസി (Liverpool vs Chelsea) സൂപ്പര്‍ ഫൈനൽ. ചെൽസി രണ്ടാം സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് ക്രിസ്റ്റൽ പാലസിനെ (Crystal Palace) തോൽപിച്ചതോടെയാണിത്. മേയ് പതിനാലിനാണ് ഫൈനൽ.

ആദ്യപകുതിയിൽ കിട്ടിയ അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ക്രിസ്റ്റൽ പാലസിന് തിരിച്ചടിയായി. രണ്ടാംപകുതിയിൽ ഉണർന്നുകളിച്ച ചെൽസി അറുപത്തിയഞ്ചാം മിനിറ്റിൽ റൂബൻ ലോഫ്റ്റസ് ചീക്കിലൂടെ മുന്നിലെത്തി. 10 മിനിറ്റിന് ശേഷം ജയമുറപ്പിച്ച് മേസൺ മൗണ്ട് വലചലിപ്പിച്ചു. ക്രിസ്റ്റൽ പാലസിനെതിരായ തുടർ‍ച്ചയായ പത്താം ജയത്തോടെ ചെൽസി തുടർച്ചയായ മൂന്നാം എഫ് എ കപ്പ് ഫൈനലിനാണ് യോഗ്യത നേടിയത്. ലീഗ് കപ്പ് ഫൈനലിൽ ലിവർപൂളിനോടേറ്റ തോൽവിക്ക് പകരം വീട്ടാനുള്ള അവസരമാണ് ചെൽസിക്ക് എഫ് എ കപ്പ് ഫൈനൽ. 

Scroll to load tweet…

സിറ്റിയെ അതിജീവിച്ച് ലിവര്‍പൂള്‍ 

ആദ്യ സെമിയില്‍ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചാണ് ലിവർപൂൾ ഫൈനലിലേക്ക് മുന്നേറിയത്. ലിവർപൂളിന്‍റെ ഗോളോടെയാണ് സൂപ്പർപോരാട്ടം തുടങ്ങിയത്. പരിക്കേറ്റ കെവിൻ ഡിബ്രൂയിനും കെയ്ൽ വാക്കറുമില്ലാതെ ഇറങ്ങിയ മാ‌ഞ്ചസ്റ്റർ സിറ്റിക്കെതിരെ ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളിന് ലിവര്‍പൂള്‍ മുന്നിലെത്തിയിരുന്നു. ഒന്‍പതാം മിനുറ്റില്‍ ഇബ്രാഹിമ കൊനാറ്റെ വല ചലിപ്പിച്ചപ്പോള്‍ സാദിയോ മാനേ പിന്നാലെ ഡബിള്‍ തികച്ചു. 17, 45 മിനുറ്റുകളിലായിരുന്നു മാനെയുടെ ഗോളുകള്‍. 

രണ്ടാംപകുതിയുടെ തുടക്കത്തിൽ ഗ്രീലിഷിലൂടെ സിറ്റി ആദ്യ മറുപടി നല്‍കി. 47-ാം മിനുറ്റിലായിരുന്നു ഗ്രീലിഷിന്‍റെ ഗോള്‍. ഇഞ്ചുറിടൈമിൽ (90+1) ബെർണാർഡോ സിൽവയും ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളിൽ സമനിലയ്ക്കായി സിറ്റി സാധ്യമായ വഴികളെല്ലാം നോക്കിയെങ്കിലും ഫലം കണ്ടില്ല. 

FA Cup : മാനേ മാജിക്; സിറ്റിയുടെ തിരിച്ചുവരവ് അതിജീവിച്ച് ലിവര്‍പൂള്‍ എഫ് എ കപ്പ് ഫൈനലിൽ