നിഷ്പക്ഷനല്ലാത്ത ആന്തണി ടെയ്‍ലർ ചെൽസിയുടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കാതിരിക്കുന്നതാണ് നല്ലതെന്നും ടുഷേൽ ആഞ്ഞടിച്ചിരുന്നു

ചെല്‍സി: പ്രീമിയർ ലീഗ് മത്സരത്തിനിടെ ടോട്ടനം പരിശീലകൻ അന്‍റോണിയോ കോണ്ടെയുമായി കൊമ്പുകോർത്ത ചെൽസി കോച്ച് തോമസ് ടുഷേലിന് മത്സരശേഷമുള്ള പരാമർശങ്ങൾ കുരുക്കാകും. സംഭവത്തിൽ എഫ്എ അന്വേഷണം തുടരുകയാണ്.

പ്രീമിയർ ലീഗിന്‍റെ എല്ലാ ആവേശവും ഉൾക്കൊണ്ട പോരാട്ടമായിരുന്നു സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കണ്ടത്. ഇഞ്ചുറിടൈമിൽ 96-ാം മിനുറ്റിലെ ഗോളിലൂടെയാണ് ചെൽസിക്കെതിരെ ടോട്ടനം സമനില പിടിച്ചത്. ടോട്ടനത്തിന്‍റെ രണ്ട് ഗോളുകൾക്കെതിരെയും ചെൽസി പരിശീലകനും ആരാധകരും എതിർപ്പുമായി രംഗത്തെത്തിയിരുന്നു. മൈതാനത്ത് നിന്ന് രണ്ട് ടീമിന്‍റേയും പരിശീലകർക്ക് ചുവപ്പ് കാർഡ് കിട്ടുന്ന കയ്യാങ്കളിയിലാണ് മത്സരം അവസാനിച്ചത്. മത്സരശേഷവും വിമർശനം തുടർന്ന തോമസ് ടുഷേൽ റഫറി ആന്തണി ടെയ്‍ലറിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. നിഷ്പക്ഷനല്ലാത്ത ആന്തണി ടെയ്‍ലർ ചെൽസിയുടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കാതിരിക്കുന്നതാണ് നല്ലതെന്നും ടുഷേൽ ആഞ്ഞടിച്ചു.

വ്യക്തിപരമായ പരാമർശങ്ങൾ നടത്തുന്നത് ലീഗിലെ നിയമത്തിന് എതിരായതിനാൽ എഫ്എ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ചുവപ്പ് കാർഡ് കണ്ട ടുഷേലിന് ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ പുറത്തിരിക്കേണ്ടിവരും. കൂടാതെ എഫ്എ റിപ്പോർട്ട് എതിരായാൽ മത്സരശേഷമുള്ള പരാമർശങ്ങളിൽ കൂടുതൽ നടപടിയും ചെൽസി കോച്ചിന് നേരിടേണ്ടിവരും. നേരത്തെ ആന്തണി ടെയ്‍ലർ അനാവശ്യ റെഡ് കാർഡ് നൽകുന്നെന്ന് ആരോപിച്ച് റഫറീയിങ്ങിനെതിരെ ചെൽസി ആരാധകർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം 80,000 ആരാധകർ എഫ്എക്ക് ടെയ്‍ലറെ ചെൽസിയുടെ മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു.

പരിശീലകരുടെ ഉരസല്‍ നടന്ന ചെല്‍സി-ടോട്ടനം മത്സരം സമനിലയിലാണ് അവസാനിച്ചത്. ഇരുടീമുകളും രണ്ട് ഗോള്‍വീതം നേടി. 19-ാം മിനിറ്റില്‍ കലിഡൗ കൗലിബാലിയുടെ ഗോളിലൂടെ ചെല്‍സി മുന്നിലെത്തി. എന്നാല്‍ 68-ാം മിനിറ്റില്‍ ഹോബെര്‍ഗ് ടോട്ടന്‍ഹാമിനെ ഒപ്പമെത്തിച്ചു. 77-ാം മിനിറ്റില്‍ റീസെ ജയിംസ് ഒരിക്കല്‍കൂടി ചെല്‍സിക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ഹാരി കെയ്ന്‍ ടീമിന് വിലപ്പെട്ട സമനില സമ്മാനിച്ചു. ടോട്ടനം ആദ്യ ഗോള്‍ മടക്കിയപ്പോഴും ടുഷേലും കോണ്ടേയും രോഷത്തോടെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. അവസാന വിസിലിന് ശേഷം കൈ കൊടുത്ത് പിരിയാന്‍ നേരത്തും തര്‍ക്കം തുടർന്നപ്പോള്‍ ഉന്തും തള്ളിലും ചുവപ്പ് കാർഡുകളിലുമാണ് കൈവിട്ട കളി അവസാനിച്ചത്. 

സിംബാബ്‍വെ പര്യടനം: ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി, സ്റ്റാർ യുവതാരം പുറത്ത്- റിപ്പോർട്ട്