ലണ്ടന്‍: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ പരിഷ്കാരം നടപ്പാക്കി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍(എഫ്എ). മത്സരത്തിനിടെ എതിര്‍ ടീമിലെ കളിക്കാരനുനേര്‍ക്കോ റഫറിക്കു നേര്‍ക്കോ മന:പൂര്‍വം ചുമച്ചാല്‍ ചുവപ്പു കാര്‍ഡ് നല്‍കി ആ കളിക്കാരനെ പുറത്താക്കാന്‍ റഫറിക്ക് അധികാരമുണ്ടാകും. ഇംഗ്ലണ്ടില്‍  നടക്കുന്ന എല്ലാ തലത്തിലുള്ള മത്സരങ്ങള്‍ക്കും പുതിയ നിര്‍ദേശം ബാധകമാകും.

എതെങ്കിലും കളിക്കാരന്‍ ബോധപൂര്‍വം എതിര്‍ കളിക്കാരന്റെ മുഖത്തിനുനേര്‍ക്ക് ചുമച്ചുവെന്ന് റഫറിക്ക് ബോധ്യപ്പെട്ടാല്‍ നടപടി എടുക്കാമെന്നാണ് എഫ് എയുടെ നിര്‍ദേശത്തില്‍ പറയുന്നു. മത്സരത്തിനിടെ എതിര്‍ ടീമിലെ കളിക്കാരനുനേര്‍ക്ക് മോശം ഭാഷയോ പ്രയോഗമോ നടത്തുന്ന കളിക്കാരനെതിരെ സ്വീകരിക്കുന്ന നടപടിക്കു തുല്യമായ അച്ചടക്ക നടപടിയായിരിക്കും ചുമക്കുന്ന കളിക്കാര്‍ക്കെതിരെയും എടുക്കുക.

ശക്തമായി ചുമച്ചുവെന്നോ ബോധപൂര്‍വം ചുച്ചുവെന്നോ റഫറിക്ക് ബോധ്യപ്പെട്ടില്ലെങ്കില്‍ കളിക്കാരന് ആദ്യം താക്കീത് നല്‍കും. എന്നാല്‍ സ്വാഭാവികമായ ചുമയുടെ പേരില്‍ അച്ചടക്ക നടപടി പാടില്ലെന്നും കളിക്കാര്‍ ഗ്രൗണ്ടില്‍ തുപ്പുന്നില്ലെന്ന് റഫറിമാര്‍ ഉറപ്പുവരുത്തണമെന്നും എഫ്എ നിര്‍ദേശിച്ചിട്ടുണ്ട്. ഫുട്ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ തുപ്പുന്നത് ഇതുവരെ കുറ്റകരമായ കാര്യമാക്കിയിട്ടില്ല.