കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബംഗ്ലാദേശിനെതിരായ സമനിലക്ക് ശേഷം ഇന്ത്യന്‍ ടീം നടത്തിയ ആഹ്ലാദപ്രകടനത്തിനെതിരെ വ്യാപക വിമര്‍ശനം. സുനില്‍ ഛേത്രിയും സംഘവും 'വൈക്കിംഗ് ക്ലാപ്പ്' നടത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. നിറംമങ്ങിയ പ്രകടനത്തിന് ശേഷം വലിയ ആഹ്ലാദപ്രകടനത്തിന് മുതിര്‍ന്നത് അനവസരത്തിലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയര്‍ന്നു. 

ഫിഫ റാങ്കിംഗില്‍ 104-ാം സ്ഥാനത്തുള്ള ഇന്ത്യ 207ആം റാങ്കിലുള്ള ബംഗ്ലാദേശിനെതിരായ സമനില ആഘോഷിക്കുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. 

സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കളിതീരാന്‍ രണ്ട് മിനുറ്റ് ബാക്കിനില്‍ക്കേയാണ് ഇന്ത്യ സമനില(1-1) നേടിയത്. ആദ്യ പകുതിയില്‍ 42-ാം മിനുറ്റില്‍ സാദുദ്ദീന്‍റെ ഗോളില്‍ ബംഗ്ലാദേശ് മുന്നിലെത്തിയിരുന്നു. 88-ാം മിനുറ്റില്‍ ആദില്‍ ഖാന്‍റെ ഗോളില്‍ ഇന്ത്യ സമനില എത്തിപ്പിടിച്ചു. നായകന്‍ സുനില്‍ ഛേത്രിക്ക് കാര്യമായി തിളങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ബംഗ്ലാദേശ് അവസരങ്ങള്‍ പാഴാക്കിയത് ഇന്ത്യക്ക് തുണയായി.