മോശം പ്രകടനം തുടർക്കഥയായതോടെയാണ് സ്വന്തം ആരാധകർ തന്നെ ഹാരി മഗ്വെയറിന് നേരെതിരിഞ്ഞത്

മാഞ്ചസ്റ്റർ: പുതിയ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ(Man United) ക്യാപ്റ്റനായി ഹാരി മഗ്വെയറിനെ(Harry Maguire) പ്രഖ്യാപിച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ആരാധകരുടെ അധിക്ഷേപം തുടരുകയാണ്. ആരാധകർക്കെതിരെ മുൻനായകൻ ഗാരി നെവിൽ(Gary Neville) രംഗത്തെത്തി.

അലക്സ് ഫെർഗ്യൂസൻ യുഗത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ലകാലമല്ല. പരിശീലകർ മാറിമാറി വന്നെങ്കിലും പ്രീമിയർ ലീഗ് കിരീടം അകന്നുനിന്നു. ഇത്തവണ ചാമ്പ്യന്‍സ് ലീഗിൽ നിന്ന് കൂടി പുറത്തായതോടെ പുതിയ പരിശീലകൻ എറിക് ടെൻഹാഗിന് കീഴിൽ ടീം പുതുക്കിപ്പണിയുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. 

എന്നാൽ ട്രാൻസ്ഫർ വിപണിയിലും നിരാശപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ബ്രൂണോ ഫെർണാണ്ടസോ ഡേവിഡ് ഡിഹിയയോ നായകസ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പരിചയസമ്പന്നനായ മഗ്വെയറിന് ഒരവസരം കൂടി നൽകാൻ ക്ലബിന്‍റെ തീരുമാനം വന്നത്. ക്യാപ്റ്റനെ മാറ്റില്ലെന്നാണ് എറിക് ടെൻഹാഗിന്‍റെ നിലപാട്.

മോശം പ്രകടനം തുടർക്കഥയായതോടെയാണ് സ്വന്തം ആരാധകർ തന്നെ ഹാരി മഗ്വെയറിന് നേരെ തിരിഞ്ഞത്. കളത്തിന് പുറത്തെ വിവാദങ്ങളും മഗ്വെയറിന് തിരിച്ചടിയായി. സാമൂഹികമാധ്യമങ്ങളിൽ വിമർശനം അധിക്ഷേപമായതോടെ മുൻതാരങ്ങളടക്കം ആരാധകർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. മഗ്വെയറിനെ നിലനിർത്താനുള്ള തീരുമാനത്തെ മുൻതാരം ഗാരി നെവിൽ സ്വാഗതം ചെയ്തു. 

സാമൂഹ്യമാധ്യമങ്ങളിലൂടെ അവഹേളിക്കുന്ന ആരാധകർ മാറിനിൽക്കണമെന്നും ഗാരി നെവിൽ വിമർശിച്ചു. വിമർശകർക്ക് ശക്തമായ മറുപടിയുമായി പുതിയ സീസണിൽ മഗ്വെയറിനെ കാണാമെന്നാണ് പ്രതീക്ഷയെന്നും മുൻക്യാപ്റ്റൻ പറഞ്ഞു. 2019ൽ റെക്കോർഡ് തുകയ്ക്ക് യുണൈറ്റഡിലെത്തിയ മഗ്വെയർ 2020 മുതലാണ് ടീമിന്‍റെ ക്യാപ്റ്റനായത്.

അതേസമയം പുതിയ കോച്ച് എറിക് ടെൻ ഹാഗിന് കീഴിൽ മാ‌ഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തുടക്കം നേടി. സീസണിലെ ആദ്യ സന്നാഹമത്സരത്തിൽ യുണൈറ്റഡ് എതിരില്ലാത്ത നാല് ഗോളിന് ലിവർപൂളിനെ തകർത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്നിട്ടും ലിവർപൂളിനെതിരെ തകർപ്പൻ ജയത്തോടെ തുടങ്ങാനായത് യുണൈറ്റഡിനും ആരാധകർക്കും ആത്മവിശ്വാസം നൽകും. 

ENG vs IND : സിക്സ‍ർ ഹിറ്റ്മാന്‍; 250 എണ്ണം തികച്ച് രോഹിത് ശർമ്മ, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍