കൊച്ചി: കേരളത്തിലെ എഫ്. സി ബാഴ്സലോണ ആരാധകരുടെ കൂട്ടായ്മയായ കൂളെസ് ഓഫ് കേരള ആദ്യ ഒത്തുചേരല്‍ കൊച്ചിയില്‍ നടന്നു. സോഷ്യല്‍ മീഡിയയിലൂടെ മാത്രം സംസാരിച്ചിട്ടുള്ള പലരും നേരിട്ട കണ്ടത് പുതിയ അനുഭവമായി. കൊച്ചിയില്‍ രാവിലെ പത്തിന് ആരംഭിച്ച പരിപാടി ബാഴ്സലോണയെ കുറിച്ചുള്ള ചര്‍ച്ചകളിലൂടെ മുന്നോട്ട് നീങ്ങി. 

ക്ലബിന്റെ ചരിത്രങ്ങളും നിലവിലെ സ്‌ക്വാഡും ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ക്ലബ്ബിന്റെ നീക്കങ്ങളും എല്ലാം ചര്‍ച്ചയില്‍ വിഷയങ്ങളായി. ഉച്ചക്ക് ശേഷം നടന്ന ക്വിസ് മത്സരത്തില്‍ ജിക്കി ജേക്കബ് മാത്യു ഒന്നാം സമ്മാനമായ 5000 രൂപക്ക് അര്‍ഹനായി. രണ്ടാം സമ്മാനമായ ബാഴ്സലോണ ജേഴ്സി എറണാകുളം സ്വദേശിയായ തോമസ് പോളിന് ലഭിച്ചു. മൂന്നാം സമ്മാനമായ ബാഴ്‌സ സ്‌കാര്‍ഫിന് കണ്ണൂരില്‍ നിന്നുള്ള അക്ഷയും അര്‍ഹനായി.

 

കേരളത്തില്‍ സ്ഥിരമായി ബാഴ്‌സയുടെ മാച്ച് സ്‌ക്രീനിങ്ങുകള്‍ നടത്താറുള്ള ഈ കൂട്ടായ്മ ആദ്യമായാണ് ഒരു ഒത്തുചേരല്‍ സംഘടിപ്പിച്ചത്. 80ലേറെ പേര്‍ പങ്കെടുക്കുത്ത പരിപാടി വൈകിട്ട് അഞ്ച് മണിയോടെ അവസാനിച്ചു. മികച്ച പ്രതികരണം കിട്ടിയതോടെ ഭാവിയില്‍ കൂടുതല്‍ മീറ്റുകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കൂളെസ് ഓഫ് കേരള ഭാരവാഹികള്‍ അറിയിച്ചു.