കൊച്ചി: സ്പാനിഷ് ക്ലബ് എഫ്.സി ബാഴ്സലോണയുടെ കേരളത്തിലെ ആരാധക വൃന്ദമായ കൂളെസ് ഓഫ് കേരളയുടെ ആദ്യത്തെ ആരാധക സംഗമം കൊച്ചിയില്‍ നടക്കും. കൊച്ചി, വളഞ്ഞമ്പലം ഓക് ഫീല്‍ഡ് ഇന്നില്‍ 'എല്‍ ഫിയസ്റ്റ ഡി കുളെസ് ഓഫ് കേരള' എന്ന് പേരിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമത്തില്‍ കായിക രംഗങ്ങളിലെ വിഷയങ്ങളെ കുറിച്ച് സംസാരിക്കും. 

അഞ്ച് വര്‍ഷത്തിലധികമായി കേരളത്തില്‍ ബാഴ്സലോണ ക്ലബിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് കൂളെസ് ഓഫ് കേരളയാണ്. ഫേസ്ബുക് പേജിലൂടെ ആരംഭം കുറിച്ച കൂട്ടായ്മ ഇന്ന് 80,000ല്‍പരം ഫോളോവേഴ്സുമായി മലയാളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് പേജുകളില്‍ ഒന്നാണ്. ബാഴ്സലോണയുടെ ഇതിഹാസതാരം ചാവി ഉദ്ഘാടനം ചെയ്ത മെംമ്പര്‍ഷിപ് പ്രോഗ്രാം വഴി ഇന്ന് അഞ്ഞൂറിലേറെ ആരാധകരാണ് അംഗത്വം എടുത്തിട്ടുള്ളത്.

ഫേസ്ബുക്ക്- വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പരിചയപ്പെടുന്ന ആരാധകര്‍ക്ക് അടുത്തറിയുവാനും സൗഹൃദം പങ്കുവെക്കാനും സംഗമത്തിലൂടെ സാധിക്കും. ഉച്ചഭക്ഷണത്തിനു ശേഷം ബാഴ്‌സയുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തിലേക്ക് കടക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് ബാഴ്സലോണ ടീമിന്റെ ജേഴ്സിയുമാണ് സമ്മാനം.