ബയേണ്‍: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ബയേൺ മ്യൂണിക്കിന്‍റെ ഗോള്‍വര്‍ഷം. ബയേൺ ഒന്നിനെതിരെ ആറ് ഗോളിന് വെര്‍ഡറിനെ തകര്‍ത്തു. ഹാട്രിക്ക് നേടിയ ഫിലിപ്പെ കുടീഞ്ഞോയും ഇരട്ടഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുമാണ് തിളങ്ങിയത്. തോമസ് മുള്ളര്‍ ഗോള്‍പ്പട്ടിക തികച്ചു. ഒരു ഗോള്‍ വഴങ്ങിയശേഷമാണ് ബയേൺ ആറ് ഗോളും അടിച്ചത്. വമ്പന്‍ ജയം നേടിയെങ്കിലും ബയേൺ ലീഗില്‍ നാലാം സ്ഥാനത്താണ്.

മത്സരത്തില്‍ രണ്ട് അസിസ്റ്റും കുടീഞ്ഞോയുടെ വകയായുണ്ടായിരുന്നു. മഹത്തായ പ്രകടനം എന്നാണ് കുടീഞ്ഞോയുടെ മികവിനെ ബയേണ്‍ പരിശീലകന്‍ ഹാന്‍സ് ഫ്ലിക്ക് വാഴ്‌ത്തിയത്. ബയേണിലെത്തിയ ശേഷമുള്ള കുടീഞ്ഞോയുടെ മോശം ഫോം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ഹാട്രിക്കിലൂടെ മറുപടി പറഞ്ഞ താരത്തെ ആരാധകര്‍ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. 

ഇറ്റലിയില്‍ പോര് മുറുകും

ഇറ്റാലിയന്‍ ലീഗ് ഫുട്ബോളില്‍ ചാമ്പ്യന്മാരായ യുവന്‍റസ് ഇന്നിറങ്ങും. യുഡിനീസ് ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. 15 കളിയിൽ 36 പോയിന്‍റുള്ള യുവന്‍റസ് നിലവില്‍ ലീഗിൽ രണ്ടാം സ്ഥാനത്താണ്. 38 പോയിന്‍റുള്ള ഇന്‍റര്‍മിലാന്‍ ആണ് ലീഗില്‍ മുന്നിൽ. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് ഇന്‍റര്‍ മിലാന്‍ ഫിയോറെന്‍റീനയെ നേരിടും.