മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോര്. നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ് സി കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ എഫ്‌സി ഗോവയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. മുന്‍ ചാംപ്യന്മാരായ ചെന്നൈയിന്റെ വലനിറച്ചാണ് ഗോവ സുനില്‍ ചേത്രിയുടെ ബംഗളൂരുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലിലേറ്റ തോല്‍വിയുടെ മുറിവുണക്കാന്‍കൂടിയുണ്ട് ഗോവയ്ക്ക്. 

ആദ്യകളിയില്‍ മൂന്ന് ഗോളാണ് ഗോവ സ്‌കോര്‍ ചെയ്തത്. ഫെറാന്‍ കോറോമിനോസ്, എഡു ബെഡിയ, ഹ്യൂഗോ ബൗമസ് ത്രയമാണ് ഗോവയുടെ കരുത്ത്. ഛേത്രിയും സംഘവും ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങി. ഛേത്രിക്കൊപ്പം മലയാളിതാരം ആഷിഖ് കുരുണിയന്‍, ഉദാന്ത സിംഗ്, റാഫേല്‍ അഗസ്റ്റോ, രാഹുല്‍ ബെക്കെ, ഗുര്‍പ്രീത് സിംഗ് സന്ധു തുടങ്ങിയവര്‍ ചേരുമ്പോള്‍ ഉഗ്രന്‍ പോരാട്ടം പ്രതീക്ഷിക്കാം. 

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ രാഹുല്‍ ബെക്കെ നേടിയ ഗോളിനായിരുന്നു ബംഗളൂരുവിന്റെ ജയം. ഈ തോല്‍വി മറന്നുവെന്നും പകരംവീട്ടാന്‍ ഗോവ സജ്ജമായെന്നും കോച്ച് സെര്‍ജിയോ ലൊബേറ പറയുന്നു. കഴിഞ്ഞ സീസണിലെ ഒട്ടുമിക്ക കളിക്കാരെയും നിലനിര്‍ത്തിയ രണ്ട് ടീമുകളാണ് ഗോവയും ബെംഗളൂരുവും.